lady

മഞ്ചേരി: വയറുവേദനയുമായി എത്തിയ ഇരുപതുകാരിയായ പൂർണ്ണ ഗർഭിണിക്ക് കൊവിഡിന്റെ പേരിൽ അടിയന്തര ചികിത്സ നിഷേധിച്ച് മൂന്ന് ആശുപത്രികൾ. യുവതിയേയും കൊണ്ട് ഭർത്താവ് അലഞ്ഞത് 14 മണിക്കൂർ. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന സിസേറിയനിൽ ഇരട്ടക്കുട്ടികൾ മരിച്ചു. യുവതി തീവ്രപരിചരണ വിഭാഗത്തിലാണ്.

കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയും മാദ്ധ്യമപ്രവർത്തകനുമായ എൻ.സി.ഷെരീഫിന്റെ ഭാര്യ സഹ്‌ല തസ്‌നീമിന്റെ കുട്ടികളാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മരിച്ചത്. വയറുവേദനയെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 4.30ന് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയ യുവതിക്ക് ചികിത്സ ലഭ്യമായത് വൈകിട്ട് ആറിന് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. ഇതിനിടെ ചികിത്സ തേടി ഒരുസ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും ലഭിച്ചില്ല. പ്രസവ ചികിത്സയ്ക്ക് കൊവിഡ് ആന്റിജൻ പരിശോധനാഫലം അംഗീകരിക്കില്ലെന്നും, പി.സി.ആർ ഫലം വേണമെന്നും സ്വകാര്യ ആശുപത്രി അധികൃതരും നിർബന്ധം പിടിച്ചു.യുവതി നേരത്തെ കൊവിഡ് പോസിറ്റാവായി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈമാസം 15നാണ് ആന്റിജൻ പരിശോധനയിൽ നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയത്.

കൊവിഡ് പോസിറ്റീവായവർക്ക് മാത്രമാണ് അവിടെ ചികിത്സയെന്നും നെഗറ്റീവായതിനാൽ ചികിത്സിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മഞ്ചേരി മെഡിക്കൽ കോളേജധികൃതർ അറിയിച്ചതായി ഭർത്താവ് ശരീഫ് പറഞ്ഞു. ബന്ധുക്കളുടെ ആവശ്യപ്രകാരം കോഴിക്കോട് കോട്ടപറമ്പിലെ സർക്കാർ മാതൃശിശു ആശുപത്രിയിലേക്ക് റഫർ ചെയ്തു. 8.30ഓടെ ഡിസ്ചാർജ് ചെയ്തെങ്കിലും റഫർ രേഖകൾ കിട്ടിയത് 11.45ന്. കഠിന വേദന നേരിടുന്ന യുവതിയെയും കൊണ്ട് മഞ്ചേരിയിൽ നിന്ന് 48 കിലോമീറ്റർ ദൂരമുള്ള കോട്ടപ്പറമ്പിലെത്തിയത് ഉച്ചയ്ക്ക് 1.35ന്. ഒ.പി സമയം കഴിഞ്ഞതിനാൽ ഗൈനക്കോളജി ഡോക്ടർമാരില്ലെന്ന് ചൂണ്ടിക്കാട്ടി ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഒ.പി സമയം കഴിഞ്ഞതിനാൽ കോഴിക്കോടും ഗൈനക്കുമാരുണ്ടാവാൻ സാദ്ധ്യതയില്ലെന്നും മറ്റെവിടെയെങ്കിലും പോവാൻ പറ്റുമോയെന്നും ചോദിച്ചു. തുടർന്ന് കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചുചോദിച്ചപ്പോൾ വരാൻ പറഞ്ഞു. പാതിവഴിയിലെത്തിയപ്പോൾ തിരിച്ചുവിളിച്ച് ആർ.ടി.പി.സി.ആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചു. ഇതിനിടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയെയും ബന്ധപ്പെട്ടെങ്കിലും അവരും കൈയൊഴിഞ്ഞു. പിന്നീട് മുക്കത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആന്റിജൻ ടെസ്റ്റിന് ശേഷം ചികിത്സ നൽകാൻ ഇവർ തയ്യാറായി. എന്നാൽ സ്‌കാനിംഗിൽ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടതോടെ, വൈകിട്ട് ആറോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 5.30തോടെ നടന്ന സിസേറിയനിലാണ് രണ്ട് കുട്ടികളും മരിച്ചത്. ആശുപത്രികളുടെ നിലപാടിനെ തുടർന്ന് ഭാര്യ മാനസികമായി തകർന്നിരുന്നെന്ന് ഷരീഫ് പറഞ്ഞു. ചികിത്സ വൈകാനിടയായ കാരണങ്ങൾ അന്വേഷിക്കുമെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.