മഞ്ചേരി: 'എന്റെ രണ്ട് കുട്ടികളെ കൊന്നതാണവർ. ഭാര്യ ബ്ലീഡിംഗ് കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യുവിലാണ്. മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയപ്പോൾ ഒന്ന് സ്‌കാൻ ചെയ്തിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു." കൊവിഡിന്റെ പേരിൽ 14 മണിക്കൂർ ചികിത്സ നിഷേധത്തിന് ഇരയായി ഇരട്ടക്കുട്ടികൾ മരിച്ച യുവതിയുടെ ഭർത്താവ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി എൻ.സി. ഷെരീഫിന്റെ വാക്കുകളാണിത്. സർക്കാർ ആശുപത്രിയടക്കം നാല് ആശുപത്രികൾ ചികിത്സ നിഷേധിച്ചതോടെ ഞായറാഴ്ച വൈകിട്ടാണ് ഷരീഫ്- ഷഹ്‌ല തസ്നി ദമ്പതികളുടെ ഇരട്ടക്കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. നടുക്കുന്ന അനുഭവം ഷെരീഫ് പറയുന്നതിങ്ങനെ:
15ന് കൊവിഡ് നെഗറ്റീവായി ഭാര്യ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. 18ന് രാത്രി കഠിനമായ വേദനയെ തുടർന്ന് വീണ്ടും മഞ്ചേരിയിൽ അഡ്മിറ്റ് ചെയ്തു. ലേബർ റൂമിൽ പ്രവേശിപ്പിച്ച അവളോട് നീ മാസം തികയാതെ പ്രസവിക്കുമെന്നതടക്കം പറഞ്ഞ് മോശമായി ഒരു നഴ്സ് പെരുമാറി. ഇനി മഞ്ചേരി മെഡിക്കൽ കോളേജിൽ കാണിക്കേണ്ടെന്നും പേടിയാണെന്നും ഭാര്യ കരഞ്ഞുപറഞ്ഞു. തുടർചികിത്സയ്ക്കായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സ്വകാര്യ ആശുപത്രികളിലെത്തി. സർക്കാർ നൽകുന്ന ആന്റിജൻ പരിശോധന സർട്ടിഫിക്കറ്റ് രോഗം ഭേദമായതിന് തെളിവായി പരിഗണിക്കാൻ തയ്യാറായില്ല. ശനിയാഴ്ച പുലർച്ചെ അടിവയറ്റിലെ ശക്തമായ വേദനയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ പ്രവേശിപ്പിച്ചെങ്കിലും കൊവിഡ് രോഗിക്ക് മാത്രമേ ചികിത്സ നൽകൂ എന്ന നിലപാടിലായിരുന്നു അവർ. സ്വകാര്യ ആശുപത്രിയിൽ എടുക്കുന്നില്ലെന്നും മറ്റു മാർഗങ്ങളില്ലെന്നു പറഞ്ഞെങ്കിലും പറ്റില്ലെന്ന വാശിയിലായിരുന്നു. ഗർഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ പോലും കൊവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിറുത്തി. മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും ഷെരീഫ് പറഞ്ഞു.