മലപ്പുറം: കൊവിഡ് കാലത്തും ലഹരി ഉപയോഗത്തിന് കുറവില്ല. ഈ വർഷം ഇതുവരെ 506 കിലോഗ്രാം കഞ്ചാവാണ് ജില്ലയിൽ പിടികൂടിയത്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന അളവാണിത്. ഒരാഴ്ച്ച മുമ്പ് മലപ്പുറത്ത് പിടികൂടിയ 318 കിലോഗ്രാം കഞ്ചാവാണ് സമീപകാലത്തെ വലിയ കഞ്ചാവുവേട്ട. 2019ൽ ജില്ലയിൽ എക്സൈസ് ആകെ പിടികൂടിയത് 242.9 കിലോ കഞ്ചാവായിരുന്നു. ഈവർഷം എക്‌സൈസ് 216 കേസുകളിലായി 208 പേരെ അറസ്റ്റ് ചെയ്തു. 37 കേസുകളിലായി 156 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 2019ൽ 599 എൻ.ഡി.പി.എസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പിടിയിലാവുന്നവരിൽ യുവാക്കളാണ് നല്ലൊരു പങ്കും.
കൊവിഡിന് ശേഷം സിന്തറ്റിക് ലഹരി പിടികൂടുന്നതിൽ കാര്യമായ കുറവുണ്ട്. നിലവിലെ സാഹചര്യത്തിൽ പരിശോധനകൾ നടത്തുന്നതിലെ പരിമിതിയും പിടികൂടാനുള്ള പ്രയാസവുമാണ് ഇതിനുകാരണം. സിന്തറ്റിക് ലഹരികളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നവരിൽ ഏറെയും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. വേദന സംഹാരികളും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് നൽകുന്ന മരുന്നുകൾക്ക് പുറമെ ഹെൽത്ത് ഡ്രിംഗ് എന്ന പേരിലും ലഹരി പ്രചരിക്കുന്നുണ്ട്. ഡോക്ടർമാരുടെ കുറിപ്പോട് കൂടി മാത്രം കിട്ടുന്ന മരുന്നുകൾ അധിക ഡോസിൽ കഴിച്ചാണ് ലഹരി തേടുന്നത്.
സിന്തറ്റിക് ലഹരികളേറെ
മാരക ലഹരിയും പാർട്ടി ഡ്രഗുമായി അറിയപ്പെടുന്ന എം.ഡി.എം.എ, ഹെറോയിൻ, ബ്രൗൺ ഷുഗർ, ഹാഷിഷ് ഓയിൽ, ഓപ്പിയം, എൽ.എസ്.ഡി സ്റ്റാമ്പ്, മെതാംഫൈറ്റമിൻ എന്നിവയ്ക്ക് പുറമെ നൈട്രോസെപാം, ലൊറാസെപാം, നൈട്രോസൈൻ ടാബ്‌ലറ്റുകൾ എന്നിവയും ജില്ലയിൽ പിടികൂടുന്ന ലഹരികളിലുണ്ട്.
എം.ഡി.എം.എ 17.77 ഗ്രാം, ബ്രൗൺഷുഗർ - 49 ഗ്രാം, ഹാഷിഷ് - 3.77 ഗ്രാം, ചരസ് - 1.68 ഗ്രാം എന്നിങ്ങനെ പിടികൂടിയവയുടെ പട്ടിക നീളുന്നു.
കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഇത്തരം ലഹരികളൊന്നും കാര്യമായി എക്സൈസിന് പിടികൂടാനായിട്ടില്ല.