താനൂർ: കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണാക്കിയ താനാളൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ധൃതിപിടിച്ച് റോഡ് ഉദ്ഘാടനം നടത്തിയെന്ന് ആരോപണം . ആലങ്ങാട്ട് ബാവ സ്മാരക റോഡിന്റെ ഉദ്ഘാടനമാണ് വിവാദത്തിൽപെട്ടത്.
കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി ആറുദിവസം പിന്നിട്ടപ്പോഴാണ് വാർഡംഗം ഉദ്ഘാടനം നടത്തിയത്. 14 ദിവസം കാത്തുനിൽക്കാതെ റോഡ് തുറന്നുകൊടുത്തതിനെതിരെ നാട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അസി.എൻജിനീയർ ഇടപെട്ട് റോഡ് വീണ്ടും അടപ്പിച്ചു.കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ ഉദ്ഘാടനച്ചടങ്ങിനെതിരെ അധികൃതർക്ക് പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.