accident
പട്ടാമ്പി- പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ ആമയൂർ പുതിയ റോഡിൽ ലോറികൾ കൂട്ടിയിച്ചുണ്ടായ അപകടം.

കൊപ്പം: പട്ടാമ്പി- പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ ആമയൂർ പുതിയറോഡ് സെന്ററിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. പട്ടാമ്പി ഭാഗത്ത് നിന്ന് വന്ന മിനിലോറിയും കൊപ്പം ഭാഗത്തുനിന്ന് ഫ്രൂട്സ് ലോഡുമായി വന്ന ലോറിയും തമ്മിലാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടിന് കൂട്ടിയിടിച്ചത്. അപകടത്തിൽ ആളപായമില്ല.

അപകടത്തെ തുടർന്ന് മറിഞ്ഞ ഫ്രൂട്സ് ലോറി ഉച്ചവരെയും റോഡിൽ തന്നെ കിടന്നത് ഗതാഗത തടസത്തിന് കാരണമായി. ഉച്ചയ്ക്ക് ശേഷം കൊപ്പം പൊലീസിന്റെ നേതൃത്വത്തിൽ റോഡിൽ വീണ പഴവർഗങ്ങൾ ഉൾപ്പെടെ ചരക്ക് മാറ്റിയ ശേഷമാണ് ലോറി നീക്കിയത്.

നവീകരണത്തിന് ശേഷം പാതയിൽ അപകടം തുടർക്കഥയാവുകയാണ്. ദിവസങ്ങൾക്ക് മുമ്പ് കരിങ്ങനാട് മീൻലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. വാഹനങ്ങളുടെ അമിത വേഗമാണ് പ്രധാനമായും അപകടത്തിന് കാരണമാകുന്നത്. മഴയത്താണ് അപകടങ്ങൾ കൂടുന്നത്. വാഹനങ്ങൾ കൊടുംവളവുകളിൽ റോഡിൽ തെന്നിമാറി നിയന്ത്രണം വിട്ടാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്.