onam-fair

പാലക്കാട്: സപ്ലൈകോ ഓണച്ചന്തകളിൽ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞു. ആഗസ്റ്റ് 21 മുതൽ 30 വരെ ചെറിയ കോട്ടമൈതാനത്ത് സംഘടിപ്പിച്ച ഓണംഫെയറിൽ നിന്നുള്ള ആകെ വരുമാനം 21,47,340 രൂപയാണ്. കഴിഞ്ഞ വർഷം ഇത് 77 ലക്ഷമായിരുന്നു. 68 ശതമാനം കച്ചവടം കുറഞ്ഞു.

കൊവിഡ് വ്യാപനമാണ് ഇത്തവണ തിരിച്ചടിയായത്. കൂടാതെ സബ്സിഡിയുള്ള മിക്ക സാധനങ്ങളും സർക്കാരിന്റെ സൗജന്യ ഒാണക്കിറ്റിൽ ലഭ്യമായതും ആവശ്യക്കാരുടെ എണ്ണം കുറയാൻ കാരണമായി. സബ്സിഡി ഇല്ലാത്ത സാധാനങ്ങളാണ് ഇൗ ഓണക്കാലത്ത് കൂടുതലും വിറ്റുപോയത്.

ആഗസ്റ്റ് 24 മുതൽ 30 വരെ നടത്തിയ കൺസ്യൂമർഫെഡിന്റെ ഓണചന്തകളിൽ നിന്ന് ഇത്തവണ ആകെ ലഭിച്ചത് 4,67,10,000 രൂപയാണ്. കഴിഞ്ഞ വർഷം സബ്സിഡി ഉത്പന്നങ്ങളുടെ വില്പനയിൽ നിന്നുമാത്രം ഏട്ടുകോടി വരുമാനം ലഭിച്ചിരുന്നു. സബ്സിഡിയുള്ള ഉല്പന്നങ്ങൾക്ക് പുറമെ മറ്റ് സാധനങ്ങൾ ചന്തകളിൽ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ നൽകിയിട്ടും വരുമാനം കുറഞ്ഞത് വലിയ ആശങ്കയാണ്.

 എല്ലാ സാധനങ്ങൾക്കും പൊതുവിപണിയെ അപേക്ഷിച്ച് വിലക്കുറവ് ഉണ്ടായിരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചന്തകളെല്ലാം പ്രവർത്തിച്ചത്.

വി.ശുഭ, ജില്ലാ റീജണൽ മാനേജർ, കൺസ്യൂമർഫെഡ്

 കൺസ്യൂമർഫെഡ് വഴി 11 സാധനങ്ങളടങ്ങിയ 507 രൂപയുടെ കിറ്റാണ് വിതരണം ചെയ്തത്

 സഹ. ബാങ്കുകളുമായി സഹകരിച്ച് ജില്ലയിലാകെ 98 ചന്തകളും 13 ത്രിവേണി സ്റ്റോറുകളും ഓണത്തിന് പ്രവർത്തിച്ചിരുന്നു

 2.64 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളും 2.2 കോടി രൂപയുടെ സബ്‌സിഡി ഇതര സാധനങ്ങളുമാണ് വിറ്റത്.

 ത്രിവേണിയുടെ 13 ഔട്ട്‌ലെറ്റുകൾ വഴി 26.53 ലക്ഷം സബ്‌സിഡി സാധനങ്ങളും 1.02 കോടിയുടെ സബ്‌സിഡി ഇതര സാധനങ്ങളും വില്പന നടത്തി.