nellaya
.

ചെർപ്പുളശ്ശേരി: നെല്ലായ പൊട്ടച്ചിറ പൊൻമുഖം മലയിൽ കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനം. മലയിൽ ക്വാറി വരുന്നത് ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് പറഞ്ഞ് നാട്ടുകാർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സി.പി.എം ലോക്കൽ കമ്മറ്റിയും ഇക്കാര്യം പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു.


ജൂലായിൽ ക്വാറിക്കനുകൂലമായ വിധിവന്നിട്ടും ഇതിനെതിരെ അപ്പീൽ നൽകാൻ വൈകിച്ചു. ക്വാറി നിൽക്കുന്ന സ്ഥലം ഖനനത്തിനായി നൽകിയ കരാറിൽ രണ്ട് സാക്ഷികളായി ഒപ്പുവച്ചവർ ഇടതുപക്ഷത്തിന്റെ പ്രവർത്തകരാണെന്നും യു.ഡി.എഫ് ആരോപിച്ചു. എന്നാൽ, 2020 ജൂലായ് ആറിന് വന്ന വിധിയിൽ നടപടികൾ വൈകാൻ കൊവിഡ് പ്രതിസന്ധി ഉൾപ്പടെ കാരണമായതായും ആഗസ്ത് 27ന് സെക്രട്ടറിയുടെയും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെയും കത്ത് ലഭിച്ചാലുടൻ ഭരണസമിതി ഇക്കാര്യത്തിൽ അപ്പീൽ നൽകാൻ തീരുമാനിച്ചിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഷാഫി പറഞ്ഞു. മറിച്ചുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 ക്വാറിക്ക് ഒത്താശ ചെയ്തിട്ടില്ല

പൊൻമുഖം മലയിൽ ക്വാറി വരുന്നതിനെ തുടക്കം മുതൽ ജനങ്ങൾക്കൊപ്പം നിന്ന് എതിർക്കുന്ന പാർട്ടിയാണ് സി.പി.എം. കരാറിൽ സാക്ഷികളായി ഒപ്പിട്ടവർ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണോ എന്നത് അറിയില്ല.

ഐ.ഷാജു, സി.പി.എം ലോക്കൽ സെക്രട്ടറി