ഒറ്റപ്പാലം: തോൽപ്പാവക്കൂത്തിലൂടെ സംഗീത വീഡിയോ ഒരുക്കി പുരാതന ക്ഷേത്ര കലാരൂപത്തിന് പുതിയ സാദ്ധ്യത കണ്ടെത്തുകയാണ് കൂനത്തറ കലാകേന്ദ്രത്തിലെ കലാശ്രീ രാമചന്ദ്രപുലവരും സംഘവും. കൊച്ചി ബിനാലെയും മെട്രോയും കാൽപന്തു കളിയുമെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ' മിണ്ടി മീട്ടാം' ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
സംവിധായകൻ എം.സി.ജോസഫാണ് പുരാതന കലാരൂപമായ തോൽപാവക്കൂത്തും ആധുനിക സങ്കേതങ്ങളും ഉപയോഗിച്ചുള്ള മ്യൂസിക് വീഡിയോ എന്ന ആശയം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. 'മിണ്ടി മീട്ടാം' മ്യൂസിക് വീഡിയോയക്ക് ഫേസ്ബുക്ക്, യുട്യൂബ് എന്നിവയിൽ നിമിഷനേരംകൊണ്ട് പതിനായിരത്തിലധികം കാഴ്ചക്കാരായി. പൗരാണികമായ ഈ കലാരൂപത്തിൽ നടത്തിയ മ്യൂസിക് വീഡിയോ വെല്ലുവിളിയുയർത്തിയ പരീക്ഷണമായിരുന്നുവെന്ന് അണിയറക്കാർ പറയുന്നു. മെട്രോപാവ, ഫുട്‌ബാൾ കളിക്കുന്ന പാവ എന്നിവ ആൽബം ചിത്രീകരണത്തിനായി പ്രത്യേകം തയ്യാറാക്കുകയായിരുന്നുവെന്നും സംവിധായകൻ പറയുന്നു. സിനിമയിലെ മോഡേൺ ഗ്രാഫിക്‌സ് വർക്കുകൾ തോൽപ്പാവക്കൂത്തിലും ഉപയോഗിക്കാമെന്ന് ഈ വീഡിയോ ബോധ്യപ്പെടുത്തുന്നുണ്ട്. പാവകളുടെ ചലന സൂക്ഷ്മത, ഭാവപ്രകടനം എന്നിങ്ങിനെയുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് മ്യൂസിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
വാണിയംകുളം കൂനത്തറ തോൽപാവക്കൂത്ത് കലാകേന്ദ്രത്തിലെ കലാകാരന്മാരാണ് ഈ പാവക്കൂത്ത് അവതരിപ്പിച്ചത്. ഒന്നരനൂറ്റാണ്ട് പാരമ്പര്യമുള്ള സംഘത്തിൽ കലാശ്രീ രാമചന്ദ്ര പുലവറെ കൂടാതെ രാജീവ് പുലവർ, രാഹുൽ പുലവർ, ലക്ഷ്മൺ, പ്രശോഭ്, സുജിത്ത്, വരുൺ, ആർട്ടിസ്റ്റ് ഉണ്ണികൃഷ്ണൻ എന്നിവരുമുണ്ട്.