veli
വയൽവരമ്പുകളിൽ സ്ഥാപിച്ച വൈദ്യുത വേലി

വടക്കഞ്ചേരി: നെൽപ്പാടങ്ങളിൽ പന്നിശല്യം രൂക്ഷമായതോടെ വയൽവരമ്പുകളിൽ വൈദ്യുത വേലി സ്ഥാപിച്ച് കർഷകർ. തിരുവഴിയാട്, കരിങ്കുളം, വാഴാഞ്ചേരി, പുത്തൻതറ പ്രദേശങ്ങളിലാണ് വരമ്പുകളിൽ സൗരോർജ്ജം ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്ത് പ്രവർത്തിപ്പിക്കുന്ന വൈദ്യുത വേലി സ്ഥാപിച്ചിരിക്കുന്നത്.

കൊയ്ത്തിന് പാകമായ പാടങ്ങളിൽ പന്നിശല്യം രൂക്ഷമായതോടെ കർഷകർ കാവൽ ഏർപ്പെടുത്തിയിരുന്നെങ്കിലും ഫലംകണ്ടില്ല. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നികൾ കാവൽ നിൽക്കുന്നവരെ കുത്തിപ്പരിക്കേൽപ്പിച്ചതോടെയാണ് കർഷകർ വൈദ്യുത വേലി സ്ഥാപിക്കാൻ തീരുമാനിച്ചത്.

 ഷോക്കേൽക്കും, ജീവഹാനിയുണ്ടാകില്ല

വേലിസ്ഥാപിക്കാൻ വലിയ സാമ്പത്തിക ചെലവു വരുമെന്നതിനാൽ മുളങ്കമ്പും മറ്റും ഉപയോഗിച്ച് മൂന്നടിയോളം പൊക്കത്തിൽ മൂന്നുവരിയായി കമ്പികെട്ടിയാണ് നിലവിൽ പ്രതിരോധം തീർത്തിരിക്കുന്നത്. പ്രത്യേക ഇലക്ട്രോണിക് യന്ത്രത്തിലൂടെ 12 വോൾട്ട് വൈദ്യുതി ഉയർന്ന ആംബിയറിൽ നിശ്ചിത ഇടവേളകളിൽ കമ്പികളിലൂടെ കടത്തിവിടുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. മൃഗങ്ങൾക്ക് ഷോക്കേൽക്കുമെങ്കിലും ജീവഹാനി സംഭവിക്കില്ല. വൈകിട്ട് ആറുമണി മുതൽ രാവിലെ ആറുവരെയാവും വൈദ്യുതവേലി പ്രവർത്തിപ്പിക്കുക. കൊയ്ത്തു കഴിഞ്ഞാലുടൻ ഇത് അഴിച്ചുമാറ്റുമെന്നും കർഷകർ വ്യക്തമാക്കി.

 ആക്രമണം കൂട്ടത്തോടെ

രാത്രികാലങ്ങളിലാണ് പന്നികൾ കൂട്ടത്തോടെ നെൽപ്പാടങ്ങളിലേക്കെത്തുന്നത്. ഒരു സംഘത്തിൽ മൂന്ന് മുതൽ 12 അംഗങ്ങൾ വരെയുണ്ടാകും. പകൽ സമയങ്ങളിൽ പുഴയുടെയും തോടുകളുടെയും ഉൾഭാഗത്തെ പൊന്തക്കാടുകളിൽ അലഞ്ഞുതിരിയുന്ന ഇവ രാത്രിയിൽ പാടങ്ങളിലെത്തി സകലതും കുത്തിമറിച്ചിടും.

ഓണത്തിനായി കരഭാഗങ്ങളിൽ കൃഷിചെയ്തിരുന്ന കപ്പ, ചേന, ചേമ്പ്, പയർ, പാവൽ തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നശിപ്പിച്ചിരുന്നു. വായ്പയെടുത്തും വട്ടിപ്പലിശയ്ക്ക് കടംവാങ്ങിയുമാണ് പ്രദേശത്തെ പല കർഷകരും ഇത്തവണ കൃഷിയിറക്കിയത്. വിള മുഴുവൻ വന്യമൃഗങ്ങൾ കൊണ്ടുപോയാൽ ഇവർ വലിയ പ്രതിസന്ധിയിലാകും.