ചെർപ്പുളശേരി: വെള്ളിനേഴി പഞ്ചായത്ത് ഓഫീസിലെത്തുന്നവരെ വരവേൽക്കുക വർണ ചിറകുള്ള ചിത്രശലഭങ്ങളാകും. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മികച്ച ജൈവൈ വൈവിധ്യ പരിപാലന സമിതിയായി വെള്ളിനേഴിയെ തിരഞ്ഞെടുത്തതിന്റെ ഭാഗമായി ലഭിച്ച തുക ഉപയോഗിച്ച് ഓഫീസ് വളപ്പിൽ ശലഭോദ്യാനം ഒരുക്കിയിരിക്കുകയാണ് അധികൃതർ. അടയ്ക്കാപുത്തൂർ സംസ്‌കൃതിയാണ് ഉദ്യാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പി.കെ.ശശി എം.എൽ.എയാണ് ആദ്യ തൈനട്ട് ശലഭോദ്യാനം പദ്ധതിക്ക് തുടക്കംകുറിച്ചത്. ശലഭങ്ങളുടെ ഭക്ഷണത്തിനും പ്രജനനത്തിനുമായി ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ ഏകദേശം പതിനാറിൽപ്പരം തൈകളാണ് ഉദ്യാനത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്. വൈവിധ്യമാർന്ന നൂറുകണക്കിന് ശലഭങ്ങളാണ് ഇപ്പോൾ ഉദ്യാനത്തിൽ വിരുന്നെത്തുന്നത്. ദിവസവും ശലഭോദ്യാനം കാണാനും, ഫോട്ടോ എടുക്കാനുമായി ധാരാളം പേർ വരുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരൻ പറഞ്ഞു. ജൈവ വൈവിധ്യ പരിപാലനത്തിന്റെ ഭാഗമായി കലാഗ്രാമം സമുച്ചയ പരിസരത്ത് നക്ഷത്രവനവും നട്ടുവളർത്തിയിട്ടുണ്ട്. ജപ്പാനീസ് മോഡൽ 'മിയാവാക്കി' വനം കുറ്റാനിശ്ശേരിയിൽ തയ്യാറാക്കുന്നതിനുള്ള പ്രൊജക്ടിനും അംഗീകാരം ലഭിച്ചിട്ടുണ്ട്.