ഒറ്റപ്പാലം: തൊഴിലാളിക്ഷാമം നേരിടുന്ന വള്ളുവനാട്ടിലെ കർഷകർക്ക് ആശ്വാസമായി 'നിള' തൊഴിൽസേന പാടത്തേക്ക്. 'യന്ത്രങ്ങൾ ഉൾപ്പെടെ സർവ സന്നാഹങ്ങളോടെ ഞങ്ങളുണ്ട്, നിങ്ങൾ ധൈര്യമായി കൃഷിയിറക്കൂ' എന്നാണ് വാണിയംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന നിള തൊഴിൽസേനയുടെ ആപ്തവാക്യം.
കാർഷിക രംഗത്ത് യന്ത്രങ്ങളുടെ സഹായത്തോടെ വയലുകളിൽ വിപ്ലവം തീർക്കുകയാണ് മണ്ണിനെയും കൃഷിയെയും തൊട്ടറിഞ്ഞ ഈ പെൺകൂട്ടായ്മ. എട്ട് വനിതകൾ ചേർന്നാണ് നിലമൊരുക്കൽ, ഞാറുനടീൽ, കൊയ്ത്ത്, മെതി, കളപറിക്കൽ, വളപ്രയോഗം, മഴവെള്ള ശേഖരണം, തുള്ളിനന, മിത്ര കീടങ്ങളുടെ ഉപയോഗം, നേഴ്‌സറി, തെങ്ങുകയറ്റം എന്നിവ ചെയ്യുന്നത്.
60 നടീൽ യന്ത്രങ്ങളും ഏഴുവീതം ട്രാക്ടർ, മെതി - കൊയ്ത്ത് യന്ത്രങ്ങളുമുണ്ട്. സേനാംഗങ്ങളുടെ യാത്രയ്ക്കായി വാനും യന്ത്രങ്ങൾ കൊണ്ടുപോകാൻ പിക്കപ്പ് വാനും സജ്ജമാണ്. ട്രാക്ടർ അടക്കമുള്ള ഒട്ടുമിക്ക യന്ത്രങ്ങളും വനിതകൾ തന്നെയാണ് ഓടിക്കുക. വലിയ കൊയ്ത്തു യന്ത്രത്തിനുമാത്രമാണ് മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളത്. ഒരേക്കർ സ്ഥലത്ത് നടീൽ പ്രവർത്തനങ്ങൾക്ക് 4500 രൂപയാണ് ഈടാക്കുന്നത്. പാലക്കാടിന് പുറമെ അയൽജില്ലകളിലും ഇതിനോടകം നിള തൊഴിൽസേന പുതുവിപ്ലവത്തിന് തുടക്കമിട്ടു കഴിഞ്ഞു.
പ്രതീക്ഷയുടെ കൊയ്ത്തുകാലം
2012 ആണ് നിള തൊഴിൽസേന രൂപീകരിച്ചത്. മഹിള കിസാൻ ശാക്തീകരൺ പരിയോജന പദ്ധതി പ്രകാരം 16 അംഗങ്ങളുമായി തുടങ്ങിയെങ്കിലും ഇപ്പോൾ ആളുകളുടെ എണ്ണം പകുതിയായി കുറഞ്ഞു. ജയന്തി, സാവിത്രി, സത്യഭാമ, ചന്ദ്രിക, കാർത്ത്യായനി, ബീന, ലീല എന്നിവരാണ് നിലവിൽ നിള തൊഴിൽസേനയെ മുന്നോട്ട് നയിക്കുന്നത്. പ്രതിദിനം 1000 രൂപ വരെ ഈ സംരംഭത്തിലൂടെ നേടാൻ കഴിയുന്നുണ്ടെന്ന് സേനാംഗങ്ങൾ പറയുന്നു. കൊയ്ത്ത് കാലം വലയി പ്രതീക്ഷയോടെയാണ് ഇവർ നോക്കിക്കാണുന്നത്.