kanjikkode

പാലക്കാട്: രാജ്യം നാലാം അൺലോക്കിലെത്തിയിട്ടും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകയറാതെ കഞ്ചിക്കോട്ടെ വ്യവസായ മേഖല. അന്യസംസ്ഥാന തൊഴിലാളികളുടെ കുറവാണ് പ്രധാന പ്രതിസന്ധി. ഒപ്പം അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് വ്യവസായികൾ പറയുന്നു.

കഞ്ചിക്കോട്ടെ ചില വ്യവസായ ശാലകൾ പകുതി ജീവനക്കാരുമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷാമം ഉത്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. തൊഴിലാളി ക്ഷാമം മറികടക്കാൻ തദ്ദേശീയർക്ക് ജോലിനൽകിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. നിലവിൽ പുതുശ്ശേരി മേഖലയിൽ നിന്നാണ് കൂടുതൽ തൊഴിലാളികൾ ജോലിക്കെത്തുന്നത്. ഇൗ മേഖലയിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് അവരുടെ എണ്ണവും കുറഞ്ഞതായി വ്യവസായികൾ പറയുന്നു.

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതകുറവാണ് മറ്റൊരു തലവേദന. രാജ്യത്തിനകത്തും പുറത്തും നിന്നാണ് അസംസ്‌കൃത വസ്തുക്കൾ വരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കിയതിൽ അതിർത്തികളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനാൽ അസംസ്‌കൃത വസ്തുക്കളുമായി വരുന്ന ലോറികൾ ദിവസങ്ങൾ വൈകിയാണ് കഞ്ചിക്കോട്ടേക്ക് എത്തുന്നത്.

 യാത്രാ സൗകര്യമില്ലാതെ തൊഴിലാളികളുടെ മടക്കം മുടങ്ങി

കഞ്ചിക്കോട് പണിയെടുക്കുന്നതിൽ കൂടുതലും പശ്ചിമബംഗാൾ, ഛത്തീസ്ഗഢ്, ബീഹാർ, യു.പി, ഒഡീഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്. ഈ സംസ്ഥാനങ്ങളിൽ നിന്ന് നേരിട്ട് ട്രെയിൻ സർവീസില്ലെന്നതാണ് കേരളത്തിലേക്ക് മടങ്ങിയെത്താൻ ഇവർക്കുള്ള ബുദ്ധിമുട്ട്. ഇവർ ഡൽഹിയിലെത്തി അവിടെ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ കയറണം. നിലവിൽ ഡൽഹിയിൽ കൊവിഡ് ബാധിതർ കൂടുതലായതിനാൽ തൊഴിലാളികളുടെ മടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇങ്ങനെ വരുന്നവർക്ക് കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് കോൺട്രാക്ടർമാർ ഉറപ്പുവരുത്തണം. കൂടാതെ ക്വാറന്റൈൻ സൗകര്യവും ഉറപ്പാക്കണം.

 300 ഓളംപേർ തിരിച്ചെത്തി

ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ നിന്ന് 13000 തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതിൽ 300 ഒാളം ആളുകൾ തിരിച്ചെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മേഖലയിൽ ഭൂരിഭാഗം കരാർ തൊഴിലാളികളാണ്. ലേബർ കരാറുകാരാണ് വിവിധ കമ്പനിക്കാവശ്യമായ തൊഴിലാളികളെ നൽകുന്നത്. എൻ.കെ.രാമകൃഷ്ണൻ, ജില്ലാ ലേബർ ഓഫീസർ

 തൊഴിലാളിക്ഷാമം പരിഹരിക്കണം

മുഴുവൻ തൊഴിലാളികളും തിരിച്ചെത്തിയാൽ മാത്രമേ പ്രവർത്തനങ്ങൾ പഴയരീതിയിലാകൂ. സ്പെഷ്യൽ ബസ് സർവീസ് വഴിയാണ് നിലവിൽ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നത്. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നുണ്ട്. ബി.രാധാകൃഷ്ണൻ, സ്റ്റീൽ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്