covid

പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 'എല്ലാവർക്കും മുഖാവരണം' എന്ന നിർദ്ദേശം പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് റിപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (ആർ.സി.എച്ച്) ഓഫീസറും കൊവിഡ് ജില്ലാ നോഡൽ ഓഫീസറുമായ ഡോ. ജയന്തി അറിയിച്ചു.

ആളുകളുമായി ഇടപെടുന്ന സാഹചര്യത്തിൽ മാസ്‌ക് കൃത്യമായി ധരിക്കണം. രോഗം ആരിൽ നിന്നും പകർന്നേക്കാമെന്ന സാഹചര്യത്തിൽ സ്വന്തം സുരക്ഷിതത്വം ഓരോരുത്തരുടെയും ചുമതലയാണ്. ഓരോ വ്യക്തിയിലും വൈറസ് പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. മുൻകരുതലുകൾ സ്വീകരിച്ച് മുന്നോട്ടുപോയാൽ കൂടുതൽ ഫലപ്രദമായ ചികിത്സാരീതികളും മരുന്നും ലഭ്യമാകാനും സാധ്യതയുണ്ട്.

 യുവാക്കൾക്കും വേണം കരുതൽ

മരണനിരക്ക് കുറവാണെന്നതിനാൽ യുവാക്കൾ അനാവശ്യമായി പുറത്ത് കറങ്ങി നടക്കരുത്. ഓരോ വ്യക്തിയുടെയും ശാരീരികപ്രവർത്തനം പ്രവചനാതീതമായതിനാൽ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറാൻ ശ്രദ്ധിക്കണം. പൊതുസ്ഥലങ്ങളിൽ പോയി തിരിച്ചെത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും തുണി മാസ്‌കും സോപ്പ് ലായനി ചേർത്ത് 60 - 90 ഡിഗ്രി ചൂടുവെള്ളത്തിൽ 30 മിനിറ്റ് മുക്കിവച്ചതിനു ശേഷം അലക്കുക.

 ​സ്വ​യം​ ഡോക്ടറാകരുത്

ജലദോഷം, ചുമ, പനി എന്നിവയ്ക്ക് സ്വയംചികിത്സ അരുത്. രോഗലക്ഷണമുള്ളവർ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ യാതൊരു കാരണവശാലും സ്പർശിക്കരുത്.

ഓഫീസുകളിലും മറ്റും ഭക്ഷണം പങ്കിട്ടു കഴിക്കുന്നതും ചേർന്നിരുന്നു സംസാരിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്ന വേളയിൽ മാസ്‌ക് ധരിക്കാത്തതിനാൽ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.

 ഷോപ്പിംഗ് ഒഴിവാക്കുക

കുടുംബവുമൊത്തുള്ള ഷോപ്പിംഗ് ഒഴിവാക്കുക. പരമാവധി സാധനങ്ങൾ ഒരു കടയിൽ നിന്നുതന്നെ വാങ്ങുക. കൂടുതൽ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കുക. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ പോകുന്നവർ ട്രയൽ ഒഴിവാക്കുക. സാധനങ്ങൾ വാങ്ങിയ ശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. പച്ചക്കറി, പഴങ്ങൾ എന്നിവ ശുദ്ധജലത്തിൽ നന്നായി കഴുകി മാത്രം പാചകം ചെയ്യുക.

 കട്ടിയുള്ള മാസ്‌ക് ധരിക്കാം
പരമാവധി മൂന്ന് ലെയറുള്ള കോട്ടൺ മാസ്‌ക് ധരിക്കുക. കൊവിഡ് രോഗലക്ഷണമുള്ളവർ തുണി മാസ്‌ക് ഉപയോഗിക്കരുത്. പരമാവധി സർജിക്കൽ മാസ്‌ക് അല്ലെങ്കിൽ എൻ 95 ധരിക്കുക. ഇവ ആറ് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത്. ബനിയൻ തുണി കൊണ്ട് നിർമ്മിച്ച കട്ടിയില്ലാത്ത മാസ്‌ക് ഒഴിവാക്കുക.

 നല്ലത് സമീകൃത ആഹാര രീതി

പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ ഉൾപ്പെടുത്തിയ സമീകൃതാഹാരം കഴിക്കുക. വീടിനുള്ളിൽ ദിവസേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. നന്നായി വെള്ളം കുടിക്കുക.

 പൊതുഗതാഗതം ശ്രദ്ധയോടെ
പൊതുഗതാഗത സംവിധാനം കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കണം. വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പരമാവധി പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക. വ്യക്തി ശുചിത്വവും ശാരീരിക അകലവും പാലിക്കുക. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. പൊതുഇടങ്ങളിലെ പ്രതലങ്ങൾ, നാണയങ്ങൾ, ബാങ്ക് നോട്ടുകൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയിൽ സ്പർശിച്ച ശേഷം വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.