പാലക്കാട്: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായ സി.പി.ഐ നേതാവ് ഈശ്വരി രേശൻ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് സി.പി.ഐയിലെ ഇരുന്നൂറോളം ആളുകൾ കോൺഗ്രസിലേക്കെത്തും. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും തന്റെ വാർഡിലെ കാര്യങ്ങൾ നോക്കാൻ മറ്റൊരു മെമ്പറെ ചുമതലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം ഉൾപ്പെടെ രാജിവെച്ചതെന്ന് ഡി.സി.സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഈശ്വരി രേശൻ പറഞ്ഞു. ഈശ്വരി രേശന് പാലക്കാട് ഡി.സി.സി ഓഫീസിൽ വെച്ച് പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി കോൺഗ്രസ് മെമ്പർഷിപ്പ് നൽകി.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള സംസ്ഥാനത്തെ ആദ്യ വനിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഈശ്വരി രേശൻ. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, അഖിലേന്ത്യ ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം, ഭരണ പരിഷ്‌കാര കമ്മിഷൻ അംഗം തുടങ്ങി പാർട്ടിയിലും, ഭരണ തലത്തിലും നിരവധി സ്ഥാനങ്ങൾ വഹിച്ചു. 1995 ൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെയാണ് ഈശ്വരി രേശൻ സി.പി.ഐയിൽ വരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇവർക്കെതിരെ ആരോപണങ്ങളുമായി പാർട്ടിയിലെ ചില നേതാക്കൾ രംഗത്തെത്തിയത്.
സി.പി.എം പ്രാദേശിക ഘടകത്തിലെ ചിലരും ഇവർക്കെതിരെ തിരിഞ്ഞതോടെ പാർട്ടി ഇടപെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനൊപ്പം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനംകൂടി രാജിവെക്കാൻ തയ്യാറായെങ്കിലും പാർട്ടി അനുവദിച്ചില്ല. തന്റെ വാർഡിലെ വികസന പ്രവർത്തനത്തിന്റെ ചുമതല മറ്റൊരു വാർഡിലെ മെമ്പർക്ക് മാറ്റി നൽകി. തന്റെ വാർഡിലെ അനുമതി ലഭിച്ച പ്രവൃത്തികൾ പോലും തന്നെ അറിയിക്കാതെ മറ്റ് വാർഡുകളിലേക്ക് മാറ്റിയതായും സി.പി.ഐ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്. ആദിവാസി വനിതയായ തന്നോട് ഇത്രയധികം ക്രൂരതകൾ കാണിച്ചതിനാൽ സി.പി.ഐയിലെ 25 വർഷത്തെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും കത്തിലുണ്ട്.