പാലക്കാട്: പിഞ്ചുകുഞ്ഞുങ്ങളുമായി വീട്ടമ്മ കിണറ്റിൽ ചാടി, ആറും മൂന്നും വയസുള്ള കുട്ടികൾ മരിച്ചു. യുവതിയായ വീട്ടമ്മ രക്ഷപ്പെട്ടു. കുഴൽമന്ദം കളപ്പെട്ടി വിനോദിന്റെ ഭാര്യ മഞ്ജുള (27) ആണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്. അഭിൻ(6), അഭിത്ത്(3) എന്നിവരാണ് മരിച്ചത്. കണ്ണാടി പഞ്ചായത്തിലെ കിണാശ്ശേരി ഉപ്പുംപാടത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഭർത്താവുമായി പിണങ്ങി മഞ്ജുള കുറച്ചുകാലമായി കുട്ടികൾക്കൊപ്പം ഉപ്പുംപാടത്തെ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവർക്കൊപ്പം അമ്മ പ്രേമയും സഹോദരൻ മനോജുമാണ് താമസിക്കുന്നത്. മനോജ് ജോലി ആവശ്യത്തിനായി പുറത്തുപോയിരുന്നു. അമ്മ സമീപത്തെ കടയിൽ പോയതിനിടെയാണ് ഇവരുടെ വീട്ടുവളപ്പിൽ തന്നെയുള്ള കിണറ്റിൽ കുട്ടികളുമായി മഞ്ജുള ചാടിയത്.
സംഭവം അറിഞ്ഞയുടൻ സമീപവാസിയായ ഒരാൾ കിണറ്റിലിറങ്ങിയാണ് മഞ്ജുളയെ രക്ഷിച്ചത്. പാലക്കാട് നിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കുട്ടികളെയും മഞ്ജുളയെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ടൗൺ സൗത്ത് പൊലീസ് കേസെടുത്തു.