stand
നിർമ്മാണം പുരോഗമിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്‌

പാലക്കാട്: ലോക്ക് ഡൗൺ ഇളവോടെ പുനഃരാരംഭിച്ച കെ.എസ്.ആർ.ടി.സി സ്റ്റാന്റ് നിർമ്മാണം പുരോഗമിക്കുന്നു. നിലവിൽ കെട്ടിടത്തിന്റെ രണ്ടാംനിലയുടെ മേൽക്കൂര നിർമ്മാണമാണ് നടക്കുന്നത്. ഇതോടൊപ്പം ഇരുവശത്തെ മതിലും നിർമ്മിക്കും. ആദ്യഘട്ടത്തിൽ മൂന്നുനില ബസ് ടെർമിനലാണ് നിർമ്മിക്കുന്നത്. ഇതിന് അഞ്ചുകോടിയാണ് അനുവദിച്ചത്. രണ്ടാംഘട്ടത്തിൽ 2.1 കോടിക്ക് സ്റ്റാന്റിലെ നിലം കോൺക്രീറ്റ് ചെയ്യും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.

2016 ജനുവരിയിൽ പുതിയ സ്റ്റാന്റ് ടെർമിനിലിന് തറക്കല്ലിട്ടെങ്കിലും രൂപരേഖക്കുള്ള അനുമതി വൈകിയതും ഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസവും മൂലം നിർമ്മാണം അനന്തമായി നീണ്ടു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 7.1 കോടി രൂപ രണ്ടുഘട്ടങ്ങളിലായി അനുവദിച്ചു.

2019ൽ മേയ് 13ന് പദ്ധതി രൂപരേഖയ്ക്ക് അംഗീകാരമായി. 2020 ജനുവരി 14ന് നിർമ്മാണമാരംഭിച്ചെങ്കിലും മാർച്ചിൽ ലോക്ക് ഡൗൺ തുടങ്ങിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. ടെർമിനർ നിർമ്മാണം പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ വർഷങ്ങളായുള്ള ദുരിതത്തിന് പരിഹാരമാകും.

..................

ഈ വർഷം പൂർത്തീകരിക്കും

"രണ്ടാംനില മേൽക്കൂര കോൺക്രീറ്റിംഗ് നാളെ നടക്കും. ഡിസംബറിനുള്ളിൽ ആദ്യഘട്ട നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കും."

-ടി.എ.ഉബൈദ്, എ.ടി.ഒ, പാലക്കാട്.