elaphant

കാടും നാടും തമ്മിലുള്ള അതിർവരമ്പുകൾ മായുമ്പോൾ വന്യമൃഗങ്ങൾ ജനവാസമേഖലയിലെ പതിവ് സന്ദർശകരാകും. ഇത് മനുഷ്യ - വന്യമൃഗ സംഘർഷങ്ങൾക്കും ഇടയാക്കും. അതിന്റെ ഒടുവിലെത്തെ ഇരയാണ് കഴിഞ്ഞ ദിവസം അട്ടപ്പാടി ആനക്കട്ടിക്ക് സമീപം ചരിഞ്ഞ ' ബുൾഡോസർ'

എന്ന കാട്ടാന. തലേന്ന് പുതുശേരി വേനോലിയിലും കാട്ടാന ഷോക്കേറ്റ് ചരിഞ്ഞിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ ഗർഭിണിയായ കാട്ടാന അമ്പലപ്പാറ വെള്ളിയാർ പുഴയിൽ ചരിഞ്ഞത് മൂന്നുമാസങ്ങൾക്ക് മുമ്പാണ്. ഈ കാട്ടാനകളുടെയെല്ലാം രക്ഷസാക്ഷിത്വം സമൂഹത്തിൽ ഉയർത്തുന്ന വലിയ ചോദ്യമുണ്ട്. നമ്മുടെ കാടുകളിൽ ആനകൾ സുരക്ഷിതരോ?.

കൊല്ലപ്പെട്ടതും വേട്ടായാടപ്പെട്ടതും തീറ്റതേടി അലഞ്ഞ് വിശന്ന് ചരിഞ്ഞതുമായ കാട്ടാനകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. വ​നം​വ​കു​പ്പിന്റെ ഔ​ദ്യോ​ഗി​ക രേഖകള​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ വ​നാന്തരങ്ങളിൽ 2011 മു​ത​ൽ ഈ ​വ​ർ​ഷം ആഗസ്റ്റ് വരെ ആകെ 836 ആ​ന​ക​ളാ​ണ്​ ചരി​ഞ്ഞ​ത്. ഇതിൽ 64 ആനകൾ അ​സ്വാ​ഭാ​വി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലാണ് ച​രി​ഞ്ഞ​ത്. 772 എ​ണ്ണം പ്രാ​യ​വും അ​സു​ഖ​വും മൂ​ലം ച​രി​ഞ്ഞുവെന്നും കടലാസിലെ കണക്കുകൾ കഥപ​റ​യു​ന്നു. എ​ന്നാ​ൽ, ആ​ന​പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സുപ്രീം​കോ​ട​തി​യി​ൽ വ്യ​വ​ഹാ​ര​ത്തി​ലു​ള്ള ഹെ​റി​റ്റേ​ജ് അ​നി​മ​ൽ ടാ​സ്ക് ഫോ​ഴ്സ് സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കാടകങ്ങളിൽ 1,500 കരിവീരന്മാർ ചരിഞ്ഞിട്ടുണ്ട് എന്നാണ്. ഇതിൽ തന്നെ 60 ശ​ത​മാ​ന​വും വ​യ​നാ​ട് വ​നാ​ന്ത​ര​ങ്ങ​ളി​ലാ​ണ്. 20 ശ​ത​മാ​നം അ​തി​രപ്പി​ള്ളി, പൂ​യം​കു​ട്ടി, മ​തി​കെ​ട്ടാ​ൻ വ​ന​മേ​ഖ​ല​ക​ളി​ലും. 10 ശ​ത​മാ​നത്തോളം പാ​ല​ക്കാ​ട്, മ​ല​പ്പു​റം മേ​ഖ​ലകളിലുമാണ്. 10 ശ​ത​മാ​നം തീ​വ​ണ്ടി ത​ട്ടി​യും മ​റ്റും പ​രി​ക്കു​ക​ളോ​ടെ​യാണ് ജീ​വ​ൻ വെടിഞ്ഞിരിക്കുന്നത്.


നാശംവിതയ്ക്കുന്ന കരിവീരന്മാർ

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന്റെ കഥകളാണ് അട്ടപ്പാടി, നെല്ലിയാമ്പതി, വടക്കഞ്ചേരി - മംഗലംഡാം, മലമ്പുഴ - പുതുശേരി - വാളയാർ മേഖലകളിലെ ഗ്രാമങ്ങൾക്കെല്ലാം പറയാനുള്ളത്. കഴിഞ്ഞ എട്ടുമാസത്തിനിടെ മലമ്പുഴ നിയോജകമണ്ഡലത്തിലെ 680 ഏക്കർ കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചിരിക്കുന്നത്. നെൽക്കൃഷി - 240 ഏക്കർ, വാഴ - 160 ഏക്കർ, തെങ്ങ് - 130 ഏക്കർ, പച്ചക്കറി, മറ്റിനങ്ങൾ - 150 ഏക്കർ. ഏറ്റവും കൂടുതൽ കൃഷി നാശം പുതുശേരി പഞ്ചായത്തിലാണ് 365 ഏക്കർ.

കാടിനുള്ളിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതാണ് കാട്ടാനകളുടെ നാടിറക്കത്തിന്റെ പ്രധാന കാരണം. വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ കുറഞ്ഞു. തേക്കും യുക്കാലിയും മറ്റുമായുള്ള വനവത്കരണം യഥാർത്ഥത്തിൽ ഫലംകണ്ടില്ലെന്നു മാത്രമല്ല വന്യജീവികളുടെ തനതു ജീവിത വ്യവസ്ഥകളെയാകെ തകിടം മറിച്ചെന്നുവേണം വിലയിരുത്താൻ. ഇതിന്റെയൊപ്പം കാലാവസ്ഥമാറ്റവും കൂടിയായപ്പോൾ കാട്ടാനകൾ യഥാർത്ഥത്തിൽ നെട്ടോട്ടത്തിലാണ്.

വേനൽക്കാലത്ത് തീറ്റതേടി കാടുകളിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടങ്ങളെ പാട്ട കൊട്ടിയും തീയിട്ടും നാടൊന്നാകെ തുരത്തും. ജീവനും കൊണ്ട് ഇവയെല്ലാം ഓടിരക്ഷപ്പെടും. ഈ ഓട്ടപ്പാച്ചിലിൽ മാരകമായി പരിക്കേൽക്കുന്ന കാട്ടാനകൾക്ക് പിന്നീട് കാടിനുള്ളിൽ ദുരിതകാലമാണ്. വേട്ടക്കാർ ഇപ്പോഴും കാടുകളിൽ നിന്നും അകന്നിട്ടില്ല എന്നുവേണം കരുതാൻ, അട്ടപ്പാടി - കോയമ്പത്തൂർ വനമേഖലയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ 30 ഓളം കാട്ടാനകൾ വെടിയേറ്റ് മരിച്ചുവെന്ന റിപ്പോർട്ട് അതിന് ഉദാഹരണമാണ്. രണ്ടുമാസം മുമ്പാണ് അട്ടപ്പാടി ആനക്കട്ടിക്ക് സമീപം തൂവ്വയിൽ അക്രമകാരിയായ കാട്ടാനയെ പരിക്കുകളോടെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ് നാവിന്റെ ഒരുഭാഗം മുറിഞ്ഞുപോയിരുന്നു. ഇതേത്തുടർന്ന് ഒരുമാസക്കാലം ഭക്ഷണം കഴിക്കാനാകാതെ അവശനിലയിലായാണ് ആന ചരിഞ്ഞത്. കഴിഞ്ഞമാസമാണ് ഈ മേഖലയിൽ വായിൽ പരിക്കേറ്റ അഞ്ചുവയസുള്ള കുട്ടികൊമ്പൻ ചരിഞ്ഞത്. തമിഴ്നാട് വനാതിർത്തിയോട് ചേർന്ന് ഏക്കറുകണക്കിന് തോട്ടങ്ങളുണ്ട്. ഇൗ ഭാഗത്ത് തോട്ടയുൾപ്പെടയുള്ള സ്ഫോടക വസ്തുക്കൾ പഴങ്ങളിലും മറ്റും വച്ച് കാട്ടാനകളെ അപായപ്പെടുത്തുന്നത് പതിവാണ്. ഇതിനെതിരെ കേരള - തമിഴ്നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും നാളിതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. മാത്രമല്ല തോ​ട്ട പൊ​ട്ടി​ച്ചും വെ​ടി​വെ​ച്ചും അ​പാ​യ​പ്പെ​ടു​ത്തി​യും അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി വ​നം​വ​കു​പ്പ് ര​ജി​സ്റ്റർ ചെ​യ്ത 64 കേ​സു​ക​ളി​ൽ പോലും അ​ന്വേ​ഷ​ണം ന​ട​ത്താ​നും പ്ര​തി​ക​ളെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

അന്വേഷണം പേരിനു മാത്രം

അമ്പലപ്പാറ വെള്ളിയാറിൽ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ പൊലീസിന്റെയും - വനംവകുപ്പിന്റെയും അന്വേഷണം പാതിവഴിയിലെത്തി നിലച്ചമട്ടാണ്. ഒരാളെ പിടികൂടി രണ്ടുപ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് ഈ കാലയളവിലെ കേസിലെ പുരോഗതി. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. നാളിതുവരെ കുറ്റപത്രംപോലും സമർപ്പിക്കാത്തത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ആനപ്രേമിസംഘം ആരോപിക്കുന്നത്.

വാളയാറിൽ ചരിഞ്ഞത് 31 കൊമ്പൻമാർ

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വാളയാർ വനമേഖലയിൽ മാത്രം ചരിഞ്ഞത് 31 കാട്ടാനകളാണ്. ഇതിൽ 24 എണ്ണവും കഞ്ചിക്കോട് - വാളയാർ റെയിൽപാതയിൽ ട്രെയിൻതട്ടിയാണ് മരണപ്പെട്ടത്. മൂന്നെണ്ണം ഷോക്കേറ്റും നാലെണ്ണത്തിന് ജലാശയങ്ങളിൽ വീണുമാണ് ജീവഹാനി സംഭവിച്ചിട്ടുള്ളത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ പി​ണ്ഡം പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ആ​ന​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഇ​പ്പോ​ഴത് സാ​റ്റ​ലൈ​റ്റിന്റെ സഹായത്തോടെയാണ് നടക്കുന്നത്. ഇ​ത​നു​സ​രി​ച്ച് 2012-ൽ ​ശേ​ഖ​രി​ച്ച ക​ണ​ക്കു​പ്ര​കാ​രം 6,177 കാ​ട്ടാ​ന​ക​ളു​ണ്ടാ​യി​രു​ന്നു. 2019-ലെ ​ക​ണ​ക്ക്​ പ്ര​കാ​രം അത് 5,706 ആ​യി കു​റ​ഞ്ഞു. കാടിനുള്ളിലെ സ്വാഭാവികമായ ആനത്താരകളുടെ നാശം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇവയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തവും ഒരുപോലെ ഇവിടെ ചർച്ചയാകേണ്ടതുണ്ട്.