ആലത്തൂർ: കൊവിഡ് വ്യാപനത്തിന്റെ ആശങ്ക അതിജീവിച്ച് മണ്ഡലത്തിൽ നിറ പദ്ധതി വഴി 2200 രൂപയ്ക്ക് കൊയ്ത്തിനുള്ള യന്ത്രമെത്തും. ഒന്നാംവിള കൊയ്ത്തിന് അന്യസംസ്ഥാന യന്ത്രങ്ങൾ വരുന്നത് സംബന്ധിച്ചുള്ള ആശങ്കകൾക്ക് ഇതോടെ പരിഹാരമായി.
കൊയ്ത്താരംഭിച്ചതോടെ നെല്ല് സംഭരണവും വരും ദിവസങ്ങളിൽ സജീവമാകും. ഓരോ പ്രദേശത്തും കൊയ്ത്താരംഭിക്കുന്ന സമയം കൃത്യമായി യന്ത്രങ്ങൾ ലഭ്യമാക്കും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി അമ്പതോളം കൊയ്ത്തുയന്ത്രം മണ്ഡലത്തിൽ എത്തിക്കും.
മണിക്കൂറിന് 2200 രൂപയാണ് ഈടാക്കുക. യന്ത്രം ആവശ്യമുള്ള കർഷകർ അതത് പഞ്ചായത്ത് നിറ പ്രതിനിധിയുമായി ബന്ധപ്പെടണം.
വണ്ടാഴി പുല്ലമ്പാടം പാടശേഖരത്തിൽ കെ.ഡി.പ്രസന്നൻ എം.എൽ.എ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ് അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ഗൗതം, നിറ പദ്ധതി ഭാരവാഹികളായ ഫുഹാദ്, ആറുണ്ണി, ചന്ദ്രൻ, ആർ.ഗംഗാധരൻ സംസാരിച്ചു.
യന്ത്രത്തിന് വിളിക്കാം
കൊയ്ത്തിന് യന്ത്രം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണം.
തേങ്കുറുശി സുനിൽ (9747473342), കുഴൽമന്ദം ആറുണ്ണി (8606833094), എരിമയൂർ പ്രതോഷ് (9495486980), മേലാർകോട് സുധാകരൻ (9846298970), ആലത്തൂർ രഘു (9447425053), വണ്ടാഴി സന്തോഷ് (9446639041), കിഴക്കഞ്ചേരി നാസർ (9061716770).
ഒന്നാംവിള കൊയ്ത്തിന് തുടക്കം
പാലക്കാട്: അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെത്തി ക്വാറന്റൈൻ പൂർത്തിയാക്കി പാടശേഖരങ്ങളിൽ സജീവമായതോടെ ജില്ലയിൽ കൊയ്ത്ത് ആരംഭിച്ചു. ജില്ലയിലുള്ള കാർഷികോപകരണങ്ങളാണ് കൊയ്ത്തിന് ഉപയോഗിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ജോലി. സെപ്തംബർ പകുതിയോടെ കൂടുതൽ പ്രദേശങ്ങളിൽ കൊയ്ത്ത് ആരംഭിക്കും.
കൊയ്ത്തിനും വിതയ്ക്കുമായി അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കാർഷികോപകരണങ്ങൾ, തൊഴിലാളികൾ എന്നിവ സംബന്ധിച്ച് കരുതൽ നടപടി തുടരും. കൊയ്ത്തിന് കൊണ്ടുവരുന്ന യന്ത്രങ്ങളുടെയും കോൺട്രാക്ടർമാർ, ഓപ്പറേറ്റർ, തൊഴിലാളികൾ എന്നിവരുടെയും വിശദാംശം കൃഷിഭവൻ തലത്തിൽ ശേഖരിക്കും. യന്ത്രങ്ങൾ അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പും അഗ്നിശമന സേനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.