rain

പാലക്കാട്: അറബിക്കടലിൽ ന്യൂനമർദ്ദം ശക്തമായതോടെ ജില്ലയിൽ പരക്കെ കനത്ത മഴ. അടുത്ത മൂന്നുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 14 വരെ വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാവിലെ എട്ടുവരെ 24 മണിക്കൂറിനിടെ ജില്ലയിൽ എല്ലായിടത്തും ശക്തമായ മഴയാണ് പെയ്തത്. പട്ടാമ്പിയിലാണ് കൂടുതൽ മഴ. 77.8 മില്ലീമീറ്റർ. തൃത്താല- 59, ആലത്തൂർ- 51.5, ഒറ്റപ്പാലം- 48.6, മണ്ണാർക്കാട്- 40, പറമ്പിക്കുളം- 20, ചിറ്റൂർ- 13, പാലക്കാട്- 10.2, കൊല്ലങ്കോട്- 8.6 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ മഴയളവ്.

ജൂൺ ഒന്നുമുതൽ സെപ്തംബർ 11 വരെയുള്ള കണക്കുപ്രകാരം 1412.8 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1438 മില്ലീമീറ്ററാണ് ലഭിച്ചത്. രണ്ട് ശതമാനം അധിക മഴയുണ്ടായി.

ഡാമുകൾ നിറയുന്നു

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ ലഭിച്ചതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ട് പരിധിയിൽ നല്ല മഴയാണ്. ഇതോടെ രണ്ടു ഡാമുകളുടെയും ഷട്ടറുയർത്തി. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവും മംഗലം ഡാമിന്റെ ആറ് ഷട്ടറുകൾ ആറ് സെന്റീമീറ്റർ വീതവും ഉയർത്തി.

അണക്കെട്ട്- ജലനിരപ്പ്- ശേഷി (മീറ്ററിൽ)
മലമ്പുഴ- 112.44- 115.06
ചുള്ളിയാർ- 146.65- 154.08
കാഞ്ഞിരപ്പുഴ- 94.35- 97.535
മംഗലം- 77.27- 77.88
മീങ്കര- 154.5- 156.36
പോത്തുണ്ടി- 105- 108.204
വാളയാർ- 201.25- 203