dog

പാലക്കാട്: പ്രജനന നിയന്ത്രണത്തിലൂടെ തെരുവുനായ ശല്യം കുറയ്ക്കാനുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി ലോക്ക് ഡൗണിൽ നിലച്ചത് പുനഃരാരംഭിക്കാത്തതിനാൽ നഗരകേന്ദ്രങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം. മൃഗസംരംക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്നാണ് പദ്ധതി പ്രകാരം തെരുവ് നായകളെ വന്ധ്യംകരിക്കുന്നത്.

നഗര കേന്ദ്രങ്ങളിൽ മാലിന്യം കുന്നുകൂടിയതോടെ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണവും കൂടി. റോഡരികിൽ മാലിന്യം ഭക്ഷിക്കാൻ വരുന്ന നായ്ക്കൾ കാൽനട- വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇവ ആളുകളെ ആക്രമിക്കാനും സാദ്ധ്യതയേറെയാണ്. തെരുവ് വിളക്കില്ലാത്ത ഭാഗങ്ങളിൽ രാത്രി നായ്ക്കൾ വാഹനങ്ങൾക്ക് കുറുകെ ചാടുന്നതും പതിവാണ്. ആറുമാസമായി നിലച്ച പദ്ധതി പുനഃരാരംഭിച്ചാൽ മാത്രമേ തെരുവ് നായകൾ പെരുകുന്നത് നിയന്ത്രിക്കാനാകൂ.

5 കേന്ദ്രങ്ങൾ

തെരുവ് നായകളെ വന്ധ്യംകരിക്കാൻ ജില്ലയിൽ ഒറ്റപ്പാലം, പാലക്കാട്, ആലത്തൂർ, കൊടുവായൂർ, ചിറ്റൂർ എന്നിങ്ങനെ അഞ്ചു കേന്ദ്രങ്ങളുണ്ട്. ഓരോയിടത്തും രണ്ട് ഡോക്ടർ, ഒരു അറ്റന്റർ, രണ്ട് നായ പിടുത്തക്കാർ, ഒരു ഡ്രൈവർ എന്നിവരുണ്ടാകും. ഇവർ ദിവസവും തെരുവുകളിലിറങ്ങി നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കും. പിടികൂടുന്ന നായകളെ കേന്ദ്രത്തിലെത്തിച്ച് ഓപ്പറേഷൻ നടത്തി രണ്ടുദിവസം നിരീക്ഷണത്തിൽ വച്ച ശേഷം പിടികൂടിയ സ്ഥലത്ത് തിരികെ വിടും.

36,​542 വന്ധ്യംകരണം

ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി 36,​542 തെരുവ് നായകളെയാണ് ഇതുവരെ വന്ധ്യംകരിച്ചത്. പാലക്കാട് നഗരത്തിൽ മാത്രം 7000ലധികം നായകളെ വന്ധ്യംകരിച്ചു.

ജീവനക്കാർ കുറവ്

നിലവിലുള്ള ജീവനക്കാരുടെ കുറവ് നികത്തിയാലേ പദ്ധതി ആരംഭിക്കാനാകൂ. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിക്കണമെന്ന് നിർദേശമുണ്ട്. ജില്ലാ പഞ്ചായത്തുമായി ചേർന്ന് നടപടി പൂർത്തിയാകുന്നതോടെ പദ്ധതി പുനഃരാരംഭിക്കും.

-ഡോ.സി.ജെ.സോജി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ, പാലക്കാട്.