ksrtc

പാലക്കാട്: അൺലോക്ക് നാലിന്റെ ഭാഗമായി കൂടുതൽ ഇളവനുവദിച്ചിട്ടും പേരിനുപോലും യാത്രക്കാരും കളക്ഷനുമില്ലാതെ കെ.എസ്.ആർ.ടി.സി വൻ നഷ്ടത്തിൽ. സ്വകാര്യബസുകൾ നഷ്ടം മൂലം ഓടാതിരുന്നിട്ടും സേവനമുറപ്പാക്കാൻ കെ.എസ്.ആർ.ടി.സി നിരത്തിൽ സജീവമാണെങ്കിലും കൊവിഡ് വ്യാപന ഭീതിമൂലം ആളുകൾ പൊതുഗതാഗതത്തെ കൈയൊഴിഞ്ഞതോടെ വിരലെണ്ണാവുന്ന യാത്രക്കാരുമായാണ് ബസുകളുടെ സർവീസ്.

ലോക്ക് ഡൗണിലെ ആദ്യ ഇളവിനെ തുടർന്ന് മേയ് അവസാനത്തോടെ കെ.എസ്.ആർ.ടി.സി സർവീസ് പുനഃരാരംഭിച്ചെങ്കിലും മൂന്നുമാസം പിന്നിട്ടും വരുമാനത്തിൽ മാത്രം യാതൊരു വർദ്ധവുമില്ല. ലോക്ക് ഡൗണിന് മുമ്പ് പാലക്കാട് ഡിപ്പോയിൽ നിന്ന് 79 മുതൽ 82 സർവീസാണ് ഉണ്ടായിരുന്നത്. അന്ന് പ്രതിദിനം 15 മുതൽ 19 ലക്ഷം രൂപയായിരുന്നു വരുമാനം.

നിലവിൽ 51 സർവീസാണ് ഡിപ്പോയിൽ നിന്നുള്ളത്. രണ്ടുമുതൽ മൂന്നുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ പ്രതിദിന കളക്ഷൻ. മണ്ണാർക്കാട്- 24, ചിറ്റൂർ- 25, വടക്കഞ്ചേരി- 23 എന്നിങ്ങനെയാണ് സബ് ഡിപ്പോകളിലെ സർവീസ്.

2019ലെ ഓണക്കാലത്ത് പാലക്കാട് മാത്രം 21 ലക്ഷത്തിലധികം കളക്ഷൻ നേടി റെക്കോഡിട്ടിരുന്നു. എന്നാൽ ഈ ഓണത്തിന് ജനങ്ങളുടെ യാത്രക്ലേശം പരിഹരിച്ച് പല സ്ഥലങ്ങളിലും പ്രത്യേക സർവീസ് നടത്തിയിട്ടും 16,68,550 രൂപയാണ് ജില്ലയിലെ നാലു ഡിപ്പോകളിലെയും കൂടി ആകെ വരുമാനം. തൃശൂർ, ഗൂരുവായൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് പുറമെ ജില്ലയിലെ പ്രധാന പാതകളിലുമാണ് സർവീസ്. പല സർവീസുകളും യാത്രക്കാരില്ലാത്തതിനാൽ നിറുത്താനൊരുങ്ങുകയാണ് അധികൃതർ.

നാലെണ്ണം 'ബോണ്ട്'

സാധാരണ സർവീസിന് പുറമെ നിലവിൽ നാല് ബോണ്ട് (ബസ് ഓൺ ഡിമാന്റ്)​ സർവീസുകളുമുണ്ട്. മണ്ണുത്തി കാർഷിക സർവകലാശാലയിലേക്ക് ആലത്തൂർ- വടക്കഞ്ചേരി വഴിയും ചിറ്റൂർ- കൊല്ലങ്കോട്- നെന്മാറ വഴിയും രണ്ട് സർവീസുകളും എലവഞ്ചേരിയിൽ നിന്ന് പാലക്കാട്ടേക്കും പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്കും ഒരോ സർവീസ് വീതമാണ് ആരംഭിച്ചത്. ജോലിക്കാരുടെ സൗകര്യത്തിനനുസരിച്ച് രാവിലെയും വൈകിട്ടുമാണ് ഈ സർവീസുകൾ.

തിരക്ക് ഓഫീസ് സമയം മാത്രം

രാവിലെയും വൈകിട്ടും ഓഫീസ് സമയത്ത് യാത്രക്കാരുടെ തിരക്കുണ്ട്. മറ്റ് സമയങ്ങളിൽ പല സർവീസിലും പേരിലും പോലും യാത്രക്കാരില്ല. നെന്മാറയിൽ നിന്ന് കളക്ടറേറ്റിലേക്ക് ബോണ്ട് സർവീസ് ആരംഭിക്കണമെന്ന ആവശ്യമുണ്ട്. ഇതിന്റെ നടപടി പുരോഗമിക്കുന്നു. യാത്രക്കാർ ആവശ്യപ്പെടുകയാണെങ്കിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സർവീസ് ആരംഭിക്കും.

-പി.എസ്.മഹേഷ്, ഇൻസ്പെക്ടർ, പാലക്കാട്.