പാലക്കാട്: ജില്ലയിൽ കർഷകർ ഉല്പാദിപ്പിക്കുന്ന നെല്ല് അവരുടെ പാടങ്ങളിൽ നിന്നോ വീടുകളിൽ നിന്നോ സംഭരിക്കുമെന്ന് സപ്ലൈകോ എം.ഡി ജില്ലയിലെ വിവിധ കർഷക സംഘടനാ പ്രതിനിധികൾക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
നെല്ലിന്റെ കയറ്റുകൂലി കർഷകരിൽ നിന്ന് ഈടാക്കരുതെന്ന് കാണിച്ച് കർഷക സംഘടനാ പ്രതിനിധികൾ ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ നൽകുകയും അനുകൂലമായ ഉത്തരവ് നേടിയെടുക്കുകയും ചെയ്തു. ഈ ഉത്തരവനുസരിച്ച് നെല്ലിന്റെ കയറ്റുകൂലി നൽകേണ്ടത് അരിമില്ലുകാരോ കോർപ്പറേഷനോ ആണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലയിൽ കൊയ്ത്ത് സജീവമായ സാഹചര്യത്തിൽ സംഭരണം ഉടൻ ആരംഭിക്കണമെന്നും കയറ്റുകൂലി കോടതി ഉത്തരവ് പ്രകാരം മില്ലുകാരോ കോർപ്പറേഷനോ വഹിക്കണമെന്നും വിവിധ കർഷക സംഘടന പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വീണ്ടും കോടതിയെ സമീപിക്കും.
യോഗത്തിൽ ദേശീയ കർഷക സമാജം ജില്ലാ ജന.സെക്രട്ടറി മുതലാംതോട് മണി അദ്ധ്യക്ഷനായി. വിവിധ കർഷക പ്രതിനിധികളായ കെ.വേണു, തോമസ് ജോൺ, കെ.ശിവാനന്ദൻ, വി.ശിവദാസ്, വി.എസ്.സജീഷ് പങ്കെടുത്തു.