പാലക്കാട്: ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് തുടക്കമായി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പ്രവേശനം നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
പ്ലസ് വൺ പ്രവേശനത്തിന് 43,920 അപേക്ഷകരാണ് ജില്ലയിലുള്ളത്. 36,086 സീറ്റുകളാണുള്ളത്. ഒന്നാംഘട്ട അലോട്ട്‌മെന്റ് പട്ടികയിലുള്ളവരുടെ പ്രവേശനമാണ് നിലവിൽ നടന്നത്. 19 വയൊണ് സമയ പരിധിയെങ്കിലും ഒന്നാംഘട്ടത്തിൽ പ്രവേശനം ലഭിച്ചവർക്ക് സ്‌കൂളിൽ നേരിട്ട് ഹാജരാകാൻ പറ്റാത്ത സഹാചര്യമുണ്ടെങ്കിൽ നാളെ മുതൽ ഓൺലൈൻ വഴി പ്രവേശനം നേടുന്നതിന് സൗകര്യമൊരുക്കും.
കൊവിഡ് തീവ്രബാധിത മേഖലയിലുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമാണ് ഓൺലൈനിൽ മുൻഗണന. പ്രവേശനത്തിന് നൽകേണ്ട സർട്ടിഫിക്കറ്റുകളും ഫീസും ഓൺലൈൻ വഴി നൽകണം. ഒന്നാം ഓപ്ഷനിലുള്ളവർ സ്ഥിരം പ്രവേശനത്തിനും അല്ലാത്തവർ സ്ഥിരം പ്രവേശനത്തിനോ താത്കാലിക പ്രവേശനത്തിനോ താത്പര്യം അറിയിക്കണം.
സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി സമർപ്പിച്ച് കഴിഞ്ഞാൽ പ്രവേശനം ലഭിച്ച സ്‌കൂളിലെ പ്രിൻസിപ്പലിന് ഇവ ലഭ്യമാകും. തുടർന്ന് പ്രവേശനം ഉറപ്പാക്കും.
കുട്ടികൾക്ക് സ്‌കൂളിൽ ഹാജരാവാൻ കഴിയുന്ന ദിവസം ഒറിജനൽ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും നേരിട്ട് ഹാജരാക്കണം. അല്ലാത്തവർ നേരിട്ട് സ്‌കൂളിൽ ഹാജരായി സർട്ടിഫിക്കറ്റുകളും രേഖകളും ഹാജരാക്കി പ്രവേശനം നേടണം. ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവരുണ്ടെങ്കിൽ രണ്ട് അലോട്ട്‌മെന്റിന് ശേഷമുള്ള സപ്ലിമെന്ററിയിലേക്ക് അപേക്ഷ നൽകാം. അലോട്ട്‌മെന്റ് കത്തിലുള്ള ഫീസ് മാത്രമേ ഈടാക്കാനാവൂ. കൂടുതൽ ഫീസ് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിനായി പ്രത്യേക സ്വകാഡ് പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
43,920
അപേക്ഷകർ
36,086
സീറ്റുകൾ
കൊവിഡ് തീവ്രബാധിത മേഖലയിലുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഓൺലൈൻ പ്രവേശനത്തിന് മുൻഗണന നൽകും. സർട്ടിഫിക്കറ്റുകളും ഫീസും ഓൺലൈൻ വഴി സമർപ്പിക്കാം.