അഗളി: അട്ടപ്പാടിയിലെ യുവാക്കളുടെ കായിക അഭിരുചി പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലങ്ങളില്ലെന്ന പരാതി ജില്ലാ കളക്ടറുടെ അദാലത്തുകളിലും ഊര് സന്ദർശന വേളകളിലും ഉയർന്നുവന്ന സാഹചര്യത്തിൽ, സ്ഥലം ലഭ്യമായ ഊരുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കളിസ്ഥലങ്ങൾ നിർമ്മിച്ചു നൽകാൻ തീരുമാനം.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പുതൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ കളിസ്ഥലങ്ങൾ നിർമ്മിച്ചു നൽകാനുള്ള നടപടി ആരംഭിച്ചു. താഴെമുള്ളി, പങ്കനാരിപ്പള്ളം, ഉമ്മത്താംപടി എന്നിവിടങ്ങളിൽ കളിസ്ഥലത്തിന്റ നിർമ്മാണം സബ് കളക്ടർ സന്ദർശിച്ചു.
ഗ്രൗണ്ട് ഉണ്ടാക്കുവാൻ താൽപര്യമുള്ള യുവാക്കളെ തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി, അവർ തന്നെ നിർമ്മാണ പ്രവർത്തനം നടത്തി വരുന്നതിനാൽ വരുമാനത്തോടൊപ്പം പൊതുകളിസ്ഥലങ്ങളും ഒരുക്കുവാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. തുടർന്ന് ആവശ്യമായ മറ്റ് സഹകരണം ഉറപ്പാക്കുന്നതിന് പട്ടികവർഗ വികസന വകുപ്പിനും പഞ്ചായത്തുകൾക്കും നിർദ്ദേശം നൽകിയിട്ടുള്ളതായും സബ് കളക്ടർ അറിയിച്ചു. അഗളി, ഷോളയൂർ സ്‌കൂളുകളിലെ കായികാദ്ധ്യാപകരുടെ മാർഗനിർദേശങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അട്ടപ്പാടിയിൽ ഭൂമി ലഭ്യമാക്കുന്ന എല്ലാ ഊരുകളിലേക്കും പദ്ധതി വ്യാപിപ്പിച്ച് അട്ടപ്പാടിയുടെ കായിക കുതിപ്പിന് ആക്കം കൂട്ടാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.