covid-wisk
ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ സ്ഥാപിച്ച കൊവിഡ് വിസ്ക്

ഒറ്റപ്പാലം: താലൂക്കാശുപത്രിയിൽ പരിശോധന സുരക്ഷിതമായി നടത്താൻ സഹായിക്കുന്ന കൊവിഡ് വിസ്‌ക് സ്ഥാപിച്ചു. പരിശോധനക്കെത്തുന്ന ആളുകളുടെ സ്രവം എടുക്കുന്നതിനാണ് ഈ സൗകര്യം.

തുറന്ന ഹാളിലായിരുന്നു ഇതുവരെ സ്രവമെടുത്തിരുന്നത്. ഓരോരുത്തരുടെയും സ്രവമെടുത്ത് കഴിയുമ്പോൾ കൈ ശുചിയാക്കാറുണ്ടെങ്കിലും ജീവനക്കാർക്കും രോഗികൾക്കും ഒരുപോലെ ആരോഗ്യ ഭീഷണിയാകുന്ന അവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്. സമ്പർക്കത്തിലുൾപ്പെട്ടവരും രോഗ ലക്ഷണങ്ങളുമായി വരുന്നവരും തുറന്ന സ്ഥലങ്ങളിൽ കുറേനേരം കാത്ത് നിൽക്കുന്നത് വലിയ പ്രയാസമുണ്ടാക്കിയിരുന്നു.

കൊവിഡ് വിസ്‌കിനകത്ത് നിന്ന് സ്വതന്ത്രമായും സുരക്ഷിതമായും ജീവനക്കാർക്ക് പരിശോധന അനായാസം ചെയ്യാൻ കഴിയുന്നതോടെ സ്രവമെടുക്കൽ വേഗത്തിലാകും. ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് വിസ്‌ക് മാറ്റിസ്ഥാപിക്കാനും കഴിയും. 40000 രൂപയാണ് ഇതിന് ചിലവായത്. സന്നദ്ധ സഹായമായോ സ്പോൺസർഷിപ്പ് വഴിയോ കൂടുതൽ വിസ്‌കുകൾ സ്ഥാപിക്കാനും നീക്കമുണ്ട്.