പാലക്കാട്: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വാർഷക പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി കറവപ്പശു വിതരണത്തിന് ഇ-ടെൻഡർ പദ്ധതി നടപ്പിലാക്കി ക്ഷീര വികസന വകുപ്പ്.
പദ്ധതി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി രാജു ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. അഗളി ഇ.എം.എസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ അദ്ധ്യക്ഷനാകും. പശു വിതരണം ബ്ലോക്ക് പ്രസിഡന്റ് കാളിയമ്മ നിർവഹിക്കും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്.ജയസുജീഷ്, ക്ഷീരവികസന ഓഫീസർ പി.എ.അനൂപ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ പങ്കെടുക്കും.
സുഭിക്ഷ കേരളം പദ്ധതി പ്രകാരം 126 കറവപ്പശുക്കളെയാണ് വിതരണം ചെയ്യുന്നത്. ഇതിൽ 106 പേർ എസ്.സി, എസ്.ടി വിഭാഗത്തിലെ വനിതകളും 20 പേർ ജനറൽ വിഭാഗത്തിലും ഉൾപ്പെടും. ക്ഷീര കർഷകർക്ക് ഇടനിലക്കാരില്ലാതെ ഗുണമേന്മയുള്ള കറവപ്പശുക്കളെ നൽകുക എന്നതാണ് പദ്ധതി ലക്ഷ്യം.
പശുക്കളെ നൽകാൻ കഴിയുന്ന വ്യക്തികൾ, ഏജൻസികൾ എന്നിവരെ ഇ-ടെൻഡർ മുഖേന കണ്ടെത്തും. ടെൻഡറിലൂടെ കണ്ടെത്തുന്ന പശുക്കൾക്ക് പത്തുലിറ്ററിൽ കുറയാതെ പാലുണ്ടെന്ന് ഗുണഭോക്താക്കളെ നേരിട്ട് ബോദ്ധ്യപ്പെടുത്തും. പശുക്കൾ രണ്ടോ അതിൽ താഴെയോ പ്രസവിച്ചതാകണം. അവസാന പ്രസവം നടന്നിട്ട് 30 ദിവസം കഴിയാനും പാടില്ല. ഒരു ലിറ്റർ കറവയുള്ള പശുവിന് 6000 രൂപ അടിസ്ഥാന വില കണക്കാക്കും. പശുക്കളെ ലഭിക്കുന്നവർ മൂന്നുവർഷം വില്ക്കാനും പാടില്ല. പദ്ധതിക്ക് 75.6 ലക്ഷമാണ് വകയിരുത്തിയത്. വെറ്റിനറി ഡോക്ടർ ഉൾപ്പെടെ കമ്മിറ്റി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വിതരണം.