വടക്കഞ്ചേരി: കോരഞ്ചിറ- പന്തലാംപാടം പാതയിൽ വാൽക്കുളമ്പിന് സമീപം വെട്ടിക്കലിൽ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടത് അപകട ഭീഷണി ഉയർത്തുന്നു. ആഴ്ചകളായി റോഡിൽ ഗർത്തം രൂപം കൊണ്ടിട്ട്. വിഷയം ജനപ്രതിനിധികളെ അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കലുങ്കിന് നിർമ്മിച്ച കെട്ടിന് പുറത്താണ് രണ്ടടിയിൽ കൂടുതൽ വിതിയിലും അഞ്ചടിയോളം താഴ്ചയുമുള്ള ഗർത്തം.
കഴിഞ്ഞ കാലവർഷത്തിൽ ഇതിന് സമീപം വേറൊരു ഗർത്തം രൂപപ്പെട്ടിരുന്നു. അത് ക്വാറി വേസ്റ്റിട്ട് മൂടി. നിലവിലെ ഗർത്തത്തിനടിയിൽ കൂടി കുടിവെള്ള പൈപ്പ് പോകുന്നുണ്ട്.
വാഹനങ്ങൾക്ക് പെട്ടന്ന് ഈ ഗർത്തം കാണാൻ കഴിയാത്തത് കൂടുതൽ അപകട ഭീഷണി ഉയർത്തുന്നു. വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ പ്രദേശ വാസികൾ വലിയ മരങ്ങളും മറ്റുമിട്ട് തടഞ്ഞിരിക്കുകയാണ്. രണ്ട് കാലവർഷത്തിലും കലുങ്കിനു സമീപം ഉണ്ടായ വൻ ഗർത്തങ്ങളെ കുറിച്ച് സമഗ്ര പരിശോധന നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.