paddy-

പാലക്കാട്: രണ്ടാഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക നെൽകൃഷി നാശം. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 467 ഹെക്ടർ നെൽകൃഷിയാണ് നശിച്ചെന്ന് കൃഷി വകുപ്പ് അറിയിച്ചു. ഏഴുകോടിയുടെ നഷ്ടമാണുണ്ടായത്. ആലത്തൂർ, നെന്മാറ, കുഴൽമന്ദം, ചിറ്റൂർ, കൊല്ലങ്കോട്, പാലക്കാട് മേഖലകളിലാണ് കൂടുതൽ നാശം. 2040 കർഷകരാണ് വിള നശിച്ച് പ്രതിസന്ധിയിലായത്.

നെല്ലിന് പുറമെ വാഴ കൃഷിക്കും സാരമായ നാശം സംഭവിച്ചു. പലയിടങ്ങളിലും കാറ്റിൽ വിളവെടുക്കാനിരുന്ന ഭൂരിഭാഗം വാഴകളും നിലംപതിച്ചു. 4000 കുലച്ചതും 2000 കുലയ്ക്കാത്തതുമായ വാഴകൾക്കാണ് നാശം. അട്ടപ്പാടി, മണ്ണാർക്കാട് മേഖലയിലാണ് കൂടുതൽ നഷ്ടം. ജൂൺ ഒന്നുമുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 3109 ഹെക്ടർ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ആകെ 54 കോടിയുടെ നഷ്ടമുണ്ടായാതായാണ് പ്രാഥമിക വിലയിരുത്തൽ.

കൂടുതൽ ആലത്തൂരിൽ
വിളവെടുക്കാൻ പാകമായ സമയത്ത് മഴ ശക്തമായതു കൊണ്ടാണ് ഭൂരിഭാഗവും കൃഷി നശിച്ചത്. ആലത്തൂർ മേഖലയിലാണ് കൂടുതൽ നഷ്ടം. 132 ഹെക്ടർ നെൽകൃഷിയാണ് ഇവിടെ നശിച്ചത്. മഴയുടെ ശക്തി കുറഞ്ഞാൽ മാത്രമേ നിലവിൽ വിളഞ്ഞ് പാകമായ പാടശേഖരങ്ങൾക്ക് രക്ഷയുള്ളൂ. പൂർണ്ണമായി വെള്ളത്തിൽ മുങ്ങിയ കർഷകർക്കാണ് കൂടുതൽ നാശം സംഭവിച്ചിരിക്കുന്നത്. മറ്റുള്ള പാടങ്ങളിലെ വെള്ളം വറ്റുന്നതിനനുസരിച്ച് പരാമവധി കൃഷി വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

-പി.ആർ.ഷീല, ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, പാലക്കാട്.

ആകെ നെൽകൃഷിനാശം (ഹെക്ടറിൽ)- 467
ആലത്തൂർ- 132
നെന്മാറ- 109
കുഴൽമന്ദം- 54
ചിറ്റൂർ- 42