vegetables
ഹരിദാസൻ തന്റെ പച്ചക്കറി തോട്ടത്തിൽ

പാലക്കാട്: നീളത്തിൽ കെട്ടിയുണ്ടാക്കിയ പന്തലിൽ കുമ്പളവും മത്തനും അമരയും തൂങ്ങിയാടുന്നു. തൊട്ടടുത്ത് പയറും വഴുതനയും വെണ്ടയും ചീരയും കപ്പയും വിളഞ്ഞുനിൽക്കുന്നു. ബാക്കിയുള്ള സ്ഥലത്ത് വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവയുമുണ്ട്. കാഞ്ഞിരാനി മോഴേനി വീട്ടിൽ എം.കെ.ഹരിദാസന്റെ വീട്ടുമുറ്റം അക്ഷരാർത്ഥത്തിൽ ഒരു സംയോജിത കൃഷി പരീക്ഷണ ശാലയാണ്.

റബർ ആദയമല്ലാതായതോടെയാണ് ലോക്ക് ഡൗൺ കാലത്ത് കല്ലടിക്കോട് സ്വദേശി ഹരിദാസ് പച്ചക്കറി കൃഷിയിലേക്ക്

തിരിഞ്ഞത്. വീടിന് ചുറ്റുമുള്ള പ്രായം കൂടിയ റബർ മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലത്താണ് വിവിധയിനം പച്ചക്കറി വിളവിറക്കിയത്. കരിമ്പ കൃഷി ഓഫീസറും ഇക്കോ ഷോപ്പും വേണ്ട മാർഗ നിർദേശം നൽകി കൂടെയുണ്ട്.

നിർജലീകരണം പ്രതിരോധിക്കുന്ന കുക്കുമ്പറായിരുന്നു കൂടുതൽ വിളവെടുത്തത്. സമൃദ്ധമായി വിളഞ്ഞ പച്ചക്കറി സ്വന്തം ആവശ്യത്തിന് ശേഷം കടകളിലേക്കും നൽകാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

വാർഡുതല പഴം- പച്ചക്കറി സമിതി സാരഥികളിലൊരാളായ ഹരിദാസ് തരിശുനിലത്ത് കൃഷിയിറക്കാൻ പ്രദേശവാസികൾക്കൊരു മാതൃകയാണ്. പുറത്തുനിന്നും ആരുടെയും സഹായമില്ലാതെ വീട്ടുകാർ തന്നെയാണ് മണ്ണൊരുക്കിയതും പരിപാലിക്കുന്നതും. ലോക്ക് ഡൗൺ മാറിയാലും തൊഴിൽ പ്രതിസന്ധി ഇല്ലാതായാലും കൃഷി പൂർണ തോതിൽ തുടരാനാണ് ഇവരുടെ തീരുമാനം.