വടക്കഞ്ചേരി: കൊവിഡ് കാലത്ത് വീടുകളിൽ ഒറ്റപ്പെടുകുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് 'ചിരി" പദ്ധതി ഒരുക്കിയത്. ഫോൺ വിളിച്ച് സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കിയ എസ്.പി.സിക്ക് വന്ന ഒരു ഫോൺ കോൾ കുഞ്ഞുമനസിലെ വലിയ സങ്കടമായിരുന്നു.
മംഗലം സ്വദേശിനിയായ ആരാധ്യ ആവശ്യപ്പെട്ടത് ഒരു സ്മാർട്ട് ഫോണാണ്. അഞ്ചുമൂർത്തി മംഗലം പടിഞ്ഞാറെ വീട്ടിൽ മനോജ്-സന്ധ്യ ദമ്പതികളുടെ മകളും പന്നിയങ്കര ശോഭ അക്കാദമി ഒന്നാംതരം വിദ്യാർത്ഥിനിയുമായ ആരാധ്യ ഓൺലൈൻ പഠന സൗകര്യമില്ലെന്ന വിഷമം അറിയിച്ചതോടെ ഐ.ജി പി.വിജയൻ വടക്കഞ്ചേരി ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് പത്മ ചാരിറ്റബിൾ ട്രസ്റ്റ്, ക്ലാപ്പ് ചാരിറ്റി യു.എസ്.എ എന്നിവയുടെ സഹായത്തോടെ സ്മാർട്ട് ഫോൺ സമ്മാനിച്ചു.
സി.ഐ ബി.സന്തോഷ് ഫോൺ കൈമാറി, ട്രസ്റ്റ് ചെയർമാൻ പി.വിഷ്ണു, ജനമൈത്രി പി.ആർ.ഒ കാശി വിശ്വനാഥൻ, കെ.എസ്.പൊന്മല, ബൈജു വടക്കുംപുറം, സി.പി.ഒ.മാരായ സിന്ധു, ഹരിദാസ് സംബന്ധിച്ചു.