vky-river
ചീനാമ്പുഴ കരകവിഞ്ഞ് നെല്ലിയാമ്പാടം പുഴപ്പാലത്തിന് മുകളിലൂടെ ഒഴുകിയപ്പോൾ.

ചിറ്റില്ലഞ്ചേരി: രണ്ടുദിവസം ശക്തമായ മഴ പെയ്താൽ മുതുകുന്നിക്കാരുടെ വഴി മുടങ്ങും. ചീനാമ്പുഴ കരകവിഞ്ഞ് നെല്ലിയാമ്പാടം പുഴപ്പാലത്തിന് മുകളിലൂടെ വെള്ളമൊഴുകിയാണ് പ്രദേശത്തുകാരുടെ വഴി മുടങ്ങുക. ഇതോടെ മേലാർകോട് പഞ്ചായത്തിലെ 14ാം വാർഡിലുൾപ്പെട്ട മുതുകുന്നി, ആണ്ടിത്തറ തുടങ്ങിയ ഭാഗങ്ങളിലെ നൂറിലധികം കുടുംബങ്ങളുടെ യാത്ര ദുരിതത്തിലാകും.

വർഷങ്ങളായി ഈ ഭാഗത്ത് മഴ ശക്തമായാൽ ഗതാഗതം മുടങ്ങുന്നത് പതിവാണ്. നല്ല വീതിയുണ്ടായിരുന്ന പുഴയുടെ മിക്ക ഭാഗങ്ങളിലും കൈയേറ്റവും ഇടിച്ചിലും ഉണ്ടാവുകയും പാഴ്‌ച്ചെടികൾ വളരുകയും ചെയ്തതോടെ തോടിന് സമാനമായി.

ഇതോടെ പുഴ കരകവിഞ്ഞ് പാടശേഖരങ്ങളിലൂടെ ഒഴുകി സമീപത്തെ നെൽകൃഷി നശിക്കുന്നതും പതിവാണ്.

മുതുകുന്നിക്കാർ ഏതൊരാവശ്യത്തിനും പ്രധാനമായി ആശ്രയിക്കുന്നത് ഈ പാലത്തിലൂടെ ചിറ്റില്ലഞ്ചേരിയിലെത്താനാണ്. ബസ് സർവീസില്ലാത്ത ഭാഗമായതിനാൽ ഇരുചക്ര വാഹനങ്ങളെയും ഓട്ടോകളെയുമാണ് കൂടുതലും ആശ്രയിക്കുന്നത്.

പുഴയിൽ വെള്ളം കയറിയാൽ വാഹനങ്ങൾ വീട്ടലേക്ക് കൊണ്ടുവരാൻ കഴിയാതെ പാലത്തിന് സമീപമുള്ള വീടുകളിൽ നിറുത്തിയടേണ്ട സ്ഥിതിയാണ്. അല്ലെങ്കിൽ എട്ട് കി.മീ ചുറ്റി അഴിയിലൂർ വഴയോ ആറ് കി.മീ. ചുറ്റി ഇടക്കാട് വഴിയോ വേണം മുതുകുന്നിയിലെത്താൻ.

കൈവരി തകർന്ന പാലം പുതുക്കി ഉയർത്തി പണിയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയൊന്നുമില്ല.