malampuzha
ലോ​ക്ക് ​ഡൗ​ൺ​ ​ആ​റു​മാ​സം​ ​പി​ന്നി​ടു​മ്പോ​ഴും​ ​വി​ജ​ന​മാ​യി​ ​കി​ട​ക്കു​ന്ന​ ​മ​ല​മ്പു​ഴ​ ​ഉ​ദ്യാ​നം.​ ​സാ​ധാ​ര​ണ​ ​ഡാം​ ​തു​റ​ക്കു​ന്ന​ ​വേ​ള​യി​ൽ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​സ​ന്ദ​ർ​ശ​ക​രാ​ണ് ​ഇ​വി​ടെ​ ​എ​ത്താ​റു​ള്ള​ത്. ഫോ​ട്ടോ​:​ ​പി.​എ​സ്.​മ​നോ​ജ്

പാലക്കാട്: ലോക്ക് ഡൗണിന്റെ പൂട്ടുതുറന്നെത്തുന്ന സന്ദർശകർക്കായി നയന മനോഹര കാഴ്ചയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മലമ്പുഴ ഉദ്യാനം. അൺലോക്ക് അഞ്ചാംഘട്ടത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കം പുരോഗമിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ഉദ്യാനത്തിന് താഴുവീണത്. ഏറ്റവും തിരക്കനുഭവപ്പെടാറുള്ള മദ്ധ്യവേനലവധിയും ഓണക്കാലവും സന്ദർശകർ ആരുമില്ലാതെ കടന്നുപോയി. ആഘോഷ സീസണുകളിലെല്ലാം മലമ്പുഴ അടഞ്ഞുകിടന്നതിനെ തുടർന്ന് രണ്ടുകോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി.

നവീകരണം ഇങ്ങനെ

ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള വ്യത്യസ്ത ചെണ്ടുമല്ലികളെ ഉൾപ്പെടുത്തിയാണ് ഉദ്യാന നവീകരണം. ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളുടെ വിത്തുകൾ ഇതിനോടകം എത്തി. ഈ ആഴ്ച തന്നെ ഇവ നട്ടുവളർത്തും. ചെണ്ടുമല്ലിക്കൊപ്പം മറ്റു വിവിധ തരം പൂക്കളും ഇടംപിടിക്കും. കളിയുപകരണങ്ങൾ നന്നാക്കാനും പെയിന്റടിക്കാനും നടപടിയുണ്ട്.

ഒരുക്കം തകൃതി

ഡി.ടി.പി.സി.ക്ക് കീഴിലെ കാഞ്ഞിരപ്പുഴ ഉദ്യാനം, മലമ്പുഴ റോക്ക് ഗാർഡൻ, വെള്ളിയാങ്കല്ല്, വാടിക എന്നിവയിലും ശുചീകരണ പ്രവൃത്തി പുരോഗമിക്കുന്നു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം ആറുമാസമായി അടഞ്ഞുകിടക്കുകയാണ്. വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മാത്രമാണ് നിലവിൽ കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നത്.

സർക്കാർ ഉത്തരവിറങ്ങിയാലുടൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കും. കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാവും പ്രവേശനം. ശാരീരിക അകലം പാലിക്കുന്നതിനും കൈ കഴുകുന്നതിനുമുള്ള സൗകര്യം, തെർമൽ സ്‌കാനർ എന്നിവ ഓരോ കേന്ദ്രങ്ങളിലും ഒരുക്കും.

-കെ.ജി.അജേഷ്, സെക്രട്ടറി, ഡി.ടി.പി.സി.