പാലക്കാട്: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് ബാധിതർക്ക് വീട്ടിൽ തന്നെ ചികിത്സയൊരുക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡി.എം.ഒ, ജില്ലാ ദുരന്ത നിവാരണ അതോറിട്ടി എന്നിവരുടെ നിർദേശ പ്രകാരമാണ് തീരുമാനം. സി.എഫ്.എൽ.ടി.സി.കളിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികളുടെ സൗകര്യം പരിഗണിച്ചുമാണ് നടപടി.
വീട്ടിൽ കഴിയുന്നതിനുള്ള നിർദേശം
രോഗിയെ പരിശോധിച്ച് മറ്റ് അസുഖങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.
10-60 വയസിനുള്ളിൽ പ്രായമുള്ളവർക്ക് ഹോം ഐസൊലേഷൻ.
രോഗലക്ഷണമില്ലാത്തവരെ മാത്രമാണ് വീട്ടിൽ നിറുത്തുക. പരിശോധന, ഡിസ്ചാർജ് എന്നിവ നിയമാനുസൃതം.
രോഗികളെ സംബന്ധിച്ച വിശദാംശം തദ്ദേശ സ്ഥാപനങ്ങൾക്കും മെഡിക്കൽ ഓഫീസർക്കും കൈമാറണം.
വീട്ടിൽ കഴിയുന്ന രോഗിക്ക് സ്വയം പരിശോധിക്കുന്നതിന് പൾസ് ഓക്സിമീറ്റർ ഉണ്ടാകണം.
രോഗലക്ഷണം കാണുകയാണെങ്കിൽ ഉടൻ അടുത്തുള്ള സി.എഫ്.എൽ.ടി.സി- കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ആംബുലൻസിലോ അടച്ച വാഹനത്തിലോ മാറ്റണം.