digital

പാലക്കാട്: കൊവിഡ് മഹാമാരി പിടിതരാതെ കുതിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളിൽ കാലതാമസം വരാതിരിക്കാൻ ഓൺലൈൻ സംവിധാനങ്ങളുടെ സാദ്ധ്യത പരമാവധി ഉപയോഗിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

ലേണേഴ്‌സ്- ഡ്രൈവിംഗ് ലൈസൻസുകൾ, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ ഓൺലൈനിൽ പ്രിന്റ് എടുക്കാം. ഓൺലൈനായി പ്രിന്റെടുക്കാവുന്ന രേഖകളിൽ ഓഫീസറുടെ ഒപ്പോ സീലോ ആവശ്യമില്ല. പരിശോധനാ ഉദ്യോഗസ്ഥർ ഇത്തരം രേഖകളിൽ ഒപ്പും സീലും വേണമെന്ന് നിർബന്ധം പിടിക്കില്ലെന്നും വകുപ്പിന്റെ ഒൗദ്യോഗിക വെബ് സൈറ്റിൽ വ്യക്തമാക്കുന്നു.

എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് രേഖകൾ ഡിജിറ്റലായി ഉപയോഗിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ സ്മാർട് മൂവ് എന്ന സോ‌ഫ്‌റ്റ് വെയറിൽ നിന്ന് രേഖകളെല്ലാം വാഹൻ-സാരഥി സംവിധാനത്തിലേക്ക് മാറിയതോടെയാണ് ആപ്പ് സജീവമായത്. പുതിയ ലൈസൻസ് എടുക്കുമ്പോഴും ലൈസൻസ് പുതുക്കുമ്പോഴും പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആർ.സി ബുക്ക് ലഭിക്കുന്നതിനും ആർ.ടി.ഓഫീസിലെ നടപടിക്രമം പൂർത്തിയാകുമ്പോൾ അപേക്ഷകന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും.

രേഖകളെല്ലാം എം.പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാണ്. അവ പ്രിന്റെടുത്ത് ആവശ്യത്തിനുപയോഗിക്കാം.

പ്രിന്റ് എടുക്കാവുന്ന രേഖകൾ

 എല്ലാത്തരം വാഹനങ്ങളുടെയും താത്കാലിക- പ്രത്യേക പെർമിറ്റുകൾ, നാഷണൽ പെർമിറ്റ് വാഹനങ്ങളുടെ ഓതറൈസേഷൻ.

 ഫിറ്റ്നസ് സർട്ടിഫിക്കറ്റ്.

 രജിസ്ട്രേഷൻ.

 റോഡ്-ഹരിത നികുതി.

 ലേണേഴ്സ്, കാലാവധി കഴിഞ്ഞ് പുതുക്കിയ ലേണേഴ്സ്, ഡ്രൈവിംഗ് ലൈസൻസ്.

രേഖകൾ ഡിജി ലോക്കർ രീതിയിൽ സൂക്ഷിക്കാവുന്നത് ആളുകൾക്ക് ഏറെ പ്രയോജനകരമാണ്. നഷ്ടപ്പെടുമെന്ന പേടിവേണ്ട. എപ്പോൾ വേണമെങ്കിലും എവിടെ നിന്നും രേഖകളെടുക്കാം.
-പി.ശിവകുമാർ, ആർ.ടി.ഒ, പാലക്കാട്‌.