markket
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വലിയങ്ങാടി പൂർണമായും അടച്ചിട്ടപ്പോൾ

പാലക്കാട്: ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെ തുടർന്ന് വലിയങ്ങാടിയും കൊടുവായൂർ മാർക്കറ്റും പൂർണമായി അടച്ചതോടെ ജില്ലയിൽ പച്ചക്കറികൾക്ക് ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നു. അരി, പരിപ്പ്, പഞ്ചസാര,​ വെളിച്ചെണ്ണ,​ കടല,​ ചെറുപയർ തുടങ്ങിയ അവശ്യസാധനങ്ങൾക്ക് അഞ്ചു മുതൽ 10 രൂപവരെ വർദ്ധിച്ചിട്ടുണ്ട്. പച്ചക്കറികൾക്ക് ഒരാഴ്ചയ്ക്കിടെ 15 രൂപവരെ വില ഉയർന്നിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടുതലായ സാഹചര്യത്തിൽ ഈ മാസം 18മുതലാണ് വലിയങ്ങാടി അടച്ചത്. സാധാരണ 60 മുതൽ 100 ലോഡ് പലചരക്ക് സാധനങ്ങൾ വന്നിരുന്നത് പൂർണമായും നിലച്ചതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാരികൾ ഭൂരിഭാഗവും വലിയങ്ങാടിയെ ആശ്രയിച്ചാണ് കച്ചവടം നടത്തുന്നത്. കഴിഞ്ഞ പത്തുദിവസമായി ചരക്ക് ലഭ്യത കുറഞ്ഞതോടെ സാധനങ്ങൾക്ക് ചില്ലറ വ്യാപാരികൾ തോന്നിയ വിലയാണ് ഈടാക്കുന്നത്. മാർക്കറ്റിൽ ചരക്ക് കയറ്റിറക്കത്തിന് അനുമതി ലഭിച്ചാലേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളു.

പാലക്കാട് - കൊടുവായൂർ മാർക്കറ്റുകളിലേക്കായി ഒരുദിവസം ശരാശരി 8 ടൺ പച്ചക്കറിയാണ് അയൽ സംസ്ഥാനത്തുനിന്നെത്തുന്നത്. നിലവിൽ ഒരു ലോഡുപോലും വരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രാദേശിക കർഷകരിൽ നിന്ന് ശേഖരിച്ചാണ് ഉൾനാടൻ മേഖലകളിൽ ഓട്ടോയിലും മറ്റും പച്ചക്കറികൾ വില്പനയ്ക്കെത്തിക്കുന്നത്.

 വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ

ശകുന്തള ജംഗ്ഷൻ മുതൽ മേലാമുറി വരെയുള്ള ഭാഗം കണ്ടെയ്ൻമെന്റ് സോണാക്കിയതിനാൽ കച്ചവടം നടക്കാതെ മൊത്ത - ചില്ലറ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ. ഓഡറുകൾ നഷ്ടമാകുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് വ്യാപാരികൾ പറയുന്നു. പത്തുദിവസം പിന്നിട്ടിട്ടും മാർക്കറ്റ് തുറക്കുന്നതിനോ വ്യാപാരികൾക്ക് ബദൽ മാർഗം ഒരുക്കാനോ ജില്ലാ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

 ബദൽ മാർഗം ആലോചനയിൽ

ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിൽ മാർക്കറ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി മേലാമുറി മുതൽ മേഴ്സി കോളേജ് റോഡരികിലേക്ക് പച്ചക്കറി വ്യാപാരികളെ മാറ്റാൻ ഭരണകൂടം ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. നിലവിലെ സാഹചര്യത്തിൽ ഇതേ ആവശ്യം വീണ്ടും ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് വ്യാപാരി സംഘടനാ പ്രതിനിധികളുമായി അധികൃതർ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

 കഴിഞ്ഞ ആഴ്ച വില, ഇന്നലെ

ബീൻസ് പച്ച 95 --- 110

ബീൻസ് വെള്ള 85 --- 96

ബീറ്റ്‌റൂട്ട് 44 --- 50

ക്യാബേജ് 30 --- 38

കാപ്‌സികം 60 --- 75

ക്യാരറ്റ് 78 --- 98

കോളി ഫ്ലവർ 42 --- 60

ചേന 26 --- 27

ഇഞ്ചി 115 --- 130

കൊത്തവര 42 --- 58

കോവയ്ക്ക 48 --- 68

വെള്ളിരി 40 --- 55

മത്തൻ 28 --- 38

നാടൻ വഴുതന 28 --- 45

പാവയ്ക്ക 60 --- 60

പടവലം 38 --- 39

പയർ നീളൻ 60 --- 62

സവാള 32 --- 50
വെളുത്തുള്ളി 150 - 160

വെണ്ട 80 --- 75

തക്കാളി 50 --- 40

ഉരുളകിഴങ്ങ് 59 --- 54

ചെറിയ ഉള്ളി 75 --- 60

ഇളവൻ 24 --- 15

മുരിങ്ങക്കായ 72 --- 70

പച്ചമുളക് 90 --- 80