പാലക്കാട്: കനത്തമഴയിൽ ഏഴുകോടിയുടെ കൃഷിനാശം സംഭവിച്ചതിന് പിന്നാലെ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ ഒരിടമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് 25 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, ആയക്കാട്, പുതുക്കോട്, കാവശ്ശേരി, പാലക്കാട് താലൂക്കിലെ പെരുവെമ്പ്, ഓലശ്ശേരി, ചിറ്റൂർ താലൂക്കിലെ പലയിടങ്ങളിലും കൊയ്ത്ത് സജീവമാണ്. പാമ്പാടി - കൊണ്ടൂർക്കര പാടശേഖരങ്ങളിലായി 250 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. ഇതിൽ 50 ഏക്കറിലെ വിളവെടുപ്പ് നടന്നെങ്കിലും സൂക്ഷിക്കാനിടമില്ലാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് കാരണം ബാക്കി സ്ഥലത്തെ കൊയ്ത്ത് വൈകുകയാണ്.
ഇതനോടകം കൊയ്‌ത നെല്ല് പാടത്തും പാതയോരങ്ങളിലുമായാണ് കർഷകർ സൂക്ഷിച്ചിരിക്കുന്നത്. ടാർ പായ കൊണ്ട് മൂടുന്നുണ്ടെങ്കിലും ശക്തമായ മഴ പെയ്‌താൽ മുഴുവനും നനയും. നനഞ്ഞ നെല്ല് മുളച്ചാൽ സപ്ലൈക്കോ എടുക്കില്ല, സ്വകാര്യ മില്ലുടമകൾക്ക് സാധാരണയിലും കുറഞ്ഞ വിലയ്ക്ക് നൽകേണ്ടിവരും. അന്യ സംസ്ഥാന തൊഴിലാളികളുടെയും കൊയ്ത്ത് യന്ത്രങ്ങളുടെയും കുറവ് മൂലം കൂടുതൽ കൂലി കൊടുത്താണ് ഇത്തവണ വിളവിറക്കിയതും കൊയ്തെടുത്തതും. നഷ്ടം സഹിച്ചും വിളവിറക്കുന്ന കർഷകരുടെ നെല്ല് യഥാസമയം സംഭരിക്കാതിരിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാണ്. സംഭരണത്തിന് എട്ട് മില്ലുകൾ തയ്യാറായിട്ടുണ്ടെന്നാണ് സപ്ലൈകോ അധികൃതർ അറിയിച്ചിട്ടുള്ളത്. പക്ഷേ, സംഭരണം എന്ന് ആരംഭിക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
വെള്ളത്തിൽ വീണ നെല്ലിന് ഗുണനിലവാരം കുറവായിരിക്കും. മാത്രമല്ല നൂറ്കിലോ ലഭിക്കുന്നിടത്ത് 50കിലോയായി കുറയും. ഗുണനിലവാരം കുറഞ്ഞാൽ മില്ലുകാർ അവർക്ക് തോന്നിയ വിലയേ കർഷകന് നൽകുകയുള്ളു. വയ്‌ക്കോലും തീരെ ലഭിക്കില്ല. വീണ ചെടികൾ യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുക്കാൻ സാധിക്കാത്തതിനാൽ തൊഴിലാളികൾക്ക് ഇരട്ടികൂലി നൽകിയാണ് കൊയ്‌ത്ത് നടക്കുന്നത്. മുതലാംതോട് മണി, ദേശീയ കർഷക സമാജം, ജില്ലാ ജന.സെക്രട്ടറി