പാലക്കാട്: കായിക യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 2.5 കോടി ചെലവിൽ നിർമ്മിച്ച കണ്ണമ്പ്രയിലെ അത്യാധുനിക സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം സർക്കാരിന്റെ 100 കർമ്മദിന പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
നാടിന്റെ കായിക വികസനങ്ങൾക്കൊപ്പം പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും സ്റ്റേഡിയങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. മികച്ച കളിക്കളങ്ങൾ വരുന്നതോടെ കായികരംഗത്ത് വലിയ മുന്നേറ്റം പ്രകടമാകും. ലോകോത്തര താരങ്ങളെ വാർത്തെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കായികരംഗത്ത് ഇന്ത്യയിലെ ആദ്യത്തെ മികവുറ്റ സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്. ഒരു കാലത്ത് ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള കായിക സംസ്കാരങ്ങൾ അന്യമായി പോവുന്നതായി പരാതി ഉയർന്നിരുന്നു. കായിക രംഗത്ത് നിലനിൽക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കളികൾക്കും കളിക്കാർക്കും പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള വിപുലവും വിശദവുമായ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. കായികമേഖലയിലെ അടിസ്ഥാന സൗകര്യവികസനം, കുട്ടികൾക്ക് ചെറിയ പ്രായംമുതലുള്ള വിദഗ്ദ പരിശീലനം, കായികതാരങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങൾക്ക് ഒരുപോലെ ഊന്നൽ നൽകിയുള്ള വികസന പരിപാടികളാണ് സർക്കാർ ഇക്കഴിഞ്ഞ നാലു വർഷങ്ങളിലും നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ.ബാലൻ മുഖ്യാതിഥിയായി. കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, കായിക യുവജനകാര്യാലയം ഡയറക്ടർ ജെറോമിക് ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ഡി. റെജിമോൻ, എ.വനജകുമാരി എന്നിവർ പങ്കെടുത്തു.
സ്റ്റേഡിയത്തിൽ
സെവൻസ് സിന്തറ്റിക് ഫുട്ബാൾ കോർട്ട്
സിന്തറ്റിക് അക്രലിക് പ്രതലത്തോടു കൂടിയ വോളിബാൾ കോർട്ട്
ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്
അത്ലറ്റിക് പരിശീലനത്തിന് ട്രാക്ക്
ലോംഗ് ജംപ് പിറ്റ്
രാത്രി പരിശീലനത്തിന് എൽ.ഇ.ഡി ഫ്ലെഡ് ലൈറ്റ്