ചിറ്റൂർ: 'കന്മദം' എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ ശാരദ നേത്യാർ (92) നിര്യാതയായി. ഭാരത് പെട്രോളിയം കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന തത്തമംഗലം പുത്തൻ വീട്ടിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യയാണ്. മകൻ ചന്ദ്രമോഹനനോടൊപ്പം തത്തമംഗലം ദുർഗ ലെയിനിൽ കാദംബരിയിലായിരുന്നു താമസം. പത്തിരിപ്പാല തേനൂർ മൂപ്പിൽ മീത്തിലായിരുന്നു ജനനം.
കലാവാസനയോ അഭിനയപാടവമോ ഇല്ലായിരുന്ന ശാരദ നേത്യാരുടെ സിനിമാപ്രവേശം അപ്രതീക്ഷിതമായിരുന്നു. കന്മദത്തിൽ അഭിനയിക്കാൻ പ്രായമായ സ്ത്രീയെ തേടി പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവ് സിദ്ദുപനക്കലും സംഘവും തത്തമംഗലത്ത് എത്തിയെങ്കിലും ആദ്യം കണ്ട സ്ത്രീകൾക്ക് പ്രായം കുറവായതിനാൽ ഒഴിവാക്കി. യാദൃച്ഛികമായി കണ്ട 70 വയസുകാരി ശാരദ ആ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് തോന്നിയതാണ് വഴിത്തിരിവായത്. അഭിനയത്തിന്റെ ബാലപാഠം പോലും പരിചിതമല്ലാത്ത ഈ വീട്ടമ്മ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സിദ്ദു പനക്കലിന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.
കന്മദം പുറത്തിറങ്ങിയപ്പോൾ അതിൽ അഭിനയിക്കാൻ പ്രചോദനം നല്കിയത് മോഹൻലാലും മഞ്ജു വാര്യരും സിദ്ദു പനയ്ക്കലുമാണെന്ന് അമ്മ പറഞ്ഞത് മകൻ ചന്ദ്രമോഹൻ ഓർക്കുന്നു. അതിനുശേഷം പട്ടാഭിഷേകത്തിൽ അഭിനയിക്കാൻ നിർബന്ധിച്ചപ്പോഴും ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. സംവിധായകരുടെയും താരങ്ങളുടെയും അഭ്യർത്ഥനയിൽ വീണ്ടും വെള്ളിത്തിരയിലെത്തുകയായിരുന്നു. ''പിന്നീട് ഒരു സിനിമയും അമ്മ ചെയ്തില്ല, കഥാപാത്രങ്ങൾ വന്നെങ്കിലും അഭിനയം തുടരാനില്ലെന്നത് അമ്മയുടെ ഉറച്ച തീരുമാനമായിരുന്നു'' - മകൻ ചന്ദ്രമോഹൻ പറഞ്ഞു.