ചെർപ്പുളശ്ശേരി: ലോക് ഡൗണിന് ശേഷം സ്വകാര്യ ബസുകൾ സർവീസ് പുന:രാരംഭിച്ചെങ്കിലും ഞായറാഴ്ച ദിവസം ബസ് ഉണ്ടാകുമെന്ന് കരുതി ആരും ചെർപ്പുളശ്ശേരിയിലേക്ക് വരരുത്.
ഒഴിഞ്ഞുകിടക്കുന്ന ബസ് സ്റ്റാന്റാവും ഇവിടെ യാത്രക്കാർക്ക് കാണാനാവുക. കഴിഞ്ഞ ഞായറാഴ്ചകളിലെല്ലാം നിരവധി യാത്രക്കാരാണ് ഇങ്ങനെ ചെർപ്പുളശ്ശേരിയിൽ എത്തി കുടുങ്ങിയത്. ദീർഘദൂര ബസുകളിൽ ഒന്നോ, രണ്ടോ മാത്രമാണ് ഞായറാഴ്ചകളിൽ ഇതുവഴിയുള്ളത്. ഉൾപ്രദേശങ്ങളിലേക്ക് പൂർണ്ണമായും ബസുകൾ ഇല്ലാത്ത അവസ്ഥയാണ്. ബസുകൾ ഇല്ലാത്തതിനാൽ സ്റ്റാന്റിലെ വ്യാപാര സ്ഥാപനങ്ങളും ഞായറാഴ്ചകളിൽ തുറക്കാറില്ല.
യാത്രക്കാരില്ലാത്തതിനാൽ ഞായറാഴ്ചകളിൽ സർവീസ് നടത്തിയിട്ട് കാര്യമില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. ലോക്ക് ഡൗണിനു സമമാണ് നിലവിലെ എല്ലാ ഞായറാഴ്ചകളിലെയും സ്റ്റാന്റിലെ കാഴ്ച. ഇത് അറിയാതെ ചെർപ്പുളശ്ശേരിയിൽ എത്തുന്നവർ ഒട്ടോറിക്ഷയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. കെ.എസ്.ആർ.ടി.സിയും നാമമാത്രമായ സർവ്വീസുകൾ മാത്രമാണ് ചെർപ്പുളശ്ശേരി റൂട്ടിലുള്ളത്. ചെർപ്പുളശ്ശേരിയിൽ നിന്നും പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട്, പെരിന്തൽമണ്ണ, പാലക്കാട് ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകൾ തന്നെയാണ് യാത്രക്കാർക്ക് പ്രധാന ആശ്രയം.
-പൊതുജനങ്ങളുടെ ആവശ്യപ്രകാരം വരുന്ന ഞായറാഴ്ച മുതൽ 70 ശതമാനം ബസുകൾ ചെർപ്പുളശ്ശേരി സ്റ്റാന്റിൽ നിന്ന് സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. -പി.പി.അസീസ്, കേരള ബസ് ട്രാൻസ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒറ്റപ്പാലം താലൂക്ക് പ്രസിഡന്റ്.