cpy-council
ചെർപ്പുളശേരി നഗരസഭ കൗൺസിൽ യോഗത്തിൽ സി.പി.എം അംഗങ്ങൾ പ്രതിഷേധിക്കുന്നു.

ചെർപ്പുളശേരി: കളത്തുംകുണ്ട് കോളനിയിൽ ലൈഫ് പി.എം.എ.വൈ ഭവന പദ്ധതി ഗുണഭോക്താക്കളിൽ നിന്ന് വീട് പണി പൂർത്തിയാക്കാതെ കൗൺസിലറെ കൂട്ടുപിടിച്ച് കരാറുകാരൻ പണം കൈപ്പറ്റിയെന്നും അഴിമതി നടന്നെന്നുമുള്ള ആരോപണത്തെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം. യോഗം ആരംഭിച്ചപ്പോൾ തന്നെ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തി.

എട്ടാംവാർഡ് കൗൺസിലർ കെ.എം.ഇസ്ഹാഖിനും കരാറുകാരനുമെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. അജണ്ടയിലില്ലാത്ത വിഷയം ചർച്ച ചെയ്യാൻ തയ്യാറാവാഞ്ഞതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു .ഇതോടെ യോഗം ബഹളമയമായി. വാഗ്വാദത്തിനൊടുവിൽ യോഗം ബഹിഷ്കരിച്ച് സി.പി.എം കൗൺസിലർമാർ ഇറങ്ങിപ്പോയി.

ചട്ടങ്ങൾ പാലിച്ചാണ് വീടുകൾ പൂർത്തീകരിച്ചതെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.പി.എം പുകമറ സൃഷ്ടിക്കുകയാണെന്നും കൗൺസിലർ കെ.എം.ഇസ്ഹാഖ് പറഞ്ഞു. ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും പരാതി പരിശോധിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും നഗരസഭാദ്ധ്യക്ഷ ശ്രീലജ വാഴക്കുന്നത്തും ഉപാദ്ധ്യക്ഷൻ കെ.കെ.എ.അസീസും പറഞ്ഞു.
പണി പൂർത്തിയായ വീടുകൾക്ക് നമ്പർ നൽകാത്തതിനെ പറ്റി അന്വേഷണം വേണമെന്ന് ബി.ജെ.പി കൗൺസിലർ പി.ജയൻ ആവശ്യപ്പെട്ടു.