നാളെ 300 പേർ രംഗത്തിറങ്ങും
കൊല്ലങ്കോട്: ചെമ്മണാമ്പതി- അല്ലിമൂപ്പൻ- തേക്കടി വഴി പറമ്പിക്കുളത്തേക്ക് കാട്ടുപാത യാഥാർത്ഥ്യമാക്കാൻ ഊരുകൂട്ടം രംഗത്തിറങ്ങുന്നു. നാളെ 300ഓളം പേർ മലമ്പാത യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുക്കുമെന്ന് ആദിവാസി കൂട്ടായ്മ അറിയിച്ചു.
പറമ്പിക്കുളം, നെന്മാറ വനം ഡിവിഷനുകളിലെ 2000 ആദിവാസികൾക്കും 200 വനപാലകർക്കും തമിഴ്നാട് ചുറ്റാതെ വനപാതയിലൂടെ വിവിധാവശ്യങ്ങൾക്ക് പഞ്ചായത്ത്- താലൂക്ക്- ജില്ലാ ആസ്ഥാനത്തേക്ക് എത്താവുന്ന തരത്തിൽ കാട്ടുപാത ഒരുക്കുകയാണ് ഇവരുടെ ആവശ്യം.
നിലവിൽ കേരളത്തിലെ കടുവാസങ്കേതങ്ങളിൽ പ്രധാനപ്പെട്ട പറമ്പിക്കുളത്തേക്കെത്താൻ തമിഴ്നാടിനെ ആശ്രയിക്കണം. നിലവിലുള്ള കാട്ടുപാത വിപുലീകരിച്ചാൽ മുതലമടയിൽ നിന്ന് പറമ്പിക്കുളത്തേക്ക് പോകാൻ തമിഴ്നാടിനെ ആശ്രയിക്കേണ്ട. മുതലമട പഞ്ചായത്തിന്റെ 11-ാം വാർഡായ പറമ്പിക്കുളം തീർത്തും ഒറ്റപ്പെട്ട പ്രദേശമാണ്.
കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ്
പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെയുള്ള വഴി സാദ്ധ്യമാക്കുന്നത് സംബന്ധിച്ച ചർച്ച കാൽനൂറ്റാണ്ടായി സജീവമാണ്. പ്രാചീന ഗോത്രവർഗത്തിലെ കാടരും മുതുവരും മലസരും മലൈമലസരും ഉൾപ്പെടെ 11 കോളനികളിലായി ഇവിടെ താമസിക്കുന്നു. ഡാം നിർമ്മാണവുമായി ബന്ധപ്പെട്ടെത്തിയ തമിഴ്നാട് സ്വദേശികളുടെ പി.എ.പി കോളനിയുമുണ്ട്. സ്വന്തമായി വഴിയില്ലാത്തതിനാൽ തനത് വനവിഭവങ്ങളായ തേൻ, മുളയരി, കാട്ടുമഞ്ഞൾ, കുരുമുളക്, ഏലം തുടങ്ങിയവയ്ക്ക് മികച്ച വിപണി കണ്ടെത്താനും കഴിയുന്നില്ല.
കാടിനെ നോവിക്കാതെ മൺപാത
മൺപാത പുനരുദ്ധീകരണത്തിൽ ഒരുമരം പോലും മുറിക്കാതെ പാറ പൊട്ടിക്കാതെ അല്ലിമൂപ്പൻ കോളനിയിലേക്ക് ചെമ്മണാമ്പതിയിൽ നിന്നുള്ള വഴി എത്തിച്ചേരും. വാഹന സഞ്ചാരം കൂടി സാദ്ധ്യമായാൽ വേഗമെത്താം. ചെമ്മണാമ്പതി പന്നിമുടി വഴി അല്ലിമൂപ്പൻ കോളനിയിലേക്ക് വാഹനം പോകുന്ന വഴി ഉണ്ടായിരുന്നതായയും വർഷങ്ങൾ മുമ്പ് കാളവണ്ടി സഞ്ചരിച്ചിരുന്നതായും പഴമക്കാർ പറയുന്നു. 40 വർഷം മുമ്പത്തെ ഉരുൾപ്പൊട്ടലാണ് വഴിയില്ലാതാക്കിയത്. പഴയ വണ്ടിവഴി പുനഃസ്ഥാപിക്കാൻ വനം-റവന്യൂ വകുപ്പ് തയ്യാറാകാത്തതാണ് പ്രധാന പ്രശ്നം.
തമിഴ്നാടിന്റെ കാടത്തം
തമിഴ്നാട് വഴി പറമ്പിക്കുളത്തേക്ക് പോകുമ്പോൾ തമിഴ്നാട് ചെക്ക് പോസ്റ്റ് ജീവനക്കാരുടെ നിസഹകരണവും മോശം ഇടപെടലും മൂലം കേരളത്തിലെ യാത്രക്കാരും ഉദ്യോഗസ്ഥരും തദ്ദേശീയരും പലപ്പോഴും നിരന്തരം യാത്രാദുരിതം സഹിക്കുകയാണ്. ജനപ്രതിനിധികളെ പോലും മണിക്കൂറുകളോളം ചെക്ക് പോസ്റ്റിൽ തടയുന്ന സ്ഥിതിയുണ്ട്. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും റേഷൻ കടയിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്നതും തടയുന്നതും പതിവാണ്.