pkd-railway
ജി.ബി. റോഡിലെ റെയിൽവേ മേൽപ്പാലത്തിന് മുകളിലെ നടപ്പാത നിർമ്മാണം

പാലക്കാട്: റെയിൽവേ അടച്ചുകെട്ടിയ ജി.ബി റോഡിൽ നഗരസഭയുടെ എസ്കലേറ്ററോടുകൂടിയ നടപ്പാത യാഥാർത്ഥ്യമാകുന്നു. അടിയന്തര കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഐക്യകണ്‌ഠേന അനുമതി നൽകിയതോടെയാണ് നഗരം പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്കലേറ്റർ സാക്ഷാത്കരിക്കുന്നത്.

ശകുന്തള ജംഗ്ഷനിൽ റെയിൽവെ ക്രോസ് അടച്ചതോടെ ജി.ബി റോഡിൽ നിന്ന് വലിയങ്ങാടിയിലേക്കോ ടി.ബി റോഡിലേക്കോ പോകാൻ പട്ടിക്കര മേല്പാലം ചുറ്റിവരണം. നിലവിലെ നടപ്പാലം കയറിയിറങ്ങുന്നവർ കുറവാണ്. ഇതിന് പരിഹാരം കാണാനാണ് അമൃത് പദ്ധതിയിലുൾപ്പെടുത്തി എസ്കലേറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇരുവശത്തെയും എസ്കലേറ്ററിന് 18 മീറ്റർ വീതവും നടപ്പാലത്തിന് 12.1 മീറ്ററുമാണ് നീളം. ആറുകോടി രൂപയാണ് നിർമ്മാണ ചെലവ്.

വിശദമായ പദ്ധതി രേഖ തയ്യാറാക്കിയ കിഡ്‌കോ ആദ്യം 3.5 കോടി രൂപയ്ക്കാണ് അടങ്കൽ തയ്യാറാക്കിയത്. ഈ രൂപയ്ക്ക് പൊതുനിരത്തിൽ സ്ഥാപിക്കുന്ന തരത്തിലുള്ള യന്ത്രപ്പടി ലഭ്യമാകാത്തതിനാൽ അടങ്കൽ പുതുക്കി. 80 ലക്ഷം രൂപ കൂടി അധിക ചെലവ് വരുന്ന പുതുക്കിയ അടങ്കൽ തുകയ്ക്ക് നഗരസഭ കൗൺസിൽ അംഗീകാരം ലഭിക്കാത്തത് പ്രതിന്ധിക്കിടയാക്കി.
ഇതിനകം റെയിൽവേ ലൈനിന് മുകളിലുള്ള നടപ്പാലത്തിന്റെ നിർമ്മാണം റെയിൽവേ പൂർത്തിയാക്കി. യന്ത്രഗോവണി സ്ഥാപിക്കുന്നത് കൗൺസിൽ അംഗീകാരം ലഭിക്കാത്തത് മൂലം നീണ്ടു.

തീരുമാനം അവസാന നിമിഷം

അമൃത് പദ്ധതി പ്രകാരം എസ്കലേറ്റർ നിർമ്മിക്കാനുള്ള അനുമതി നൽകാനുള്ള അവസാന സമയ പരിധി ഇന്നലെയായിരുന്നു. ഇനി അംഗീകാരം നൽകാത്ത പക്ഷം പദ്ധതി നഷ്ടമാകുകയും നഗരത്തിലെ യാത്രാക്ലേശം പരിഹാരമില്ലാതെ തുടരുമെന്നും തിരിച്ചറിഞ്ഞതോടെയാണ് കൗൺസിൽ അംഗീകാരം നൽകിയത്. അമൃത് പദ്ധതി തുക കൊണ്ട് എസ്കലേറ്റർ നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ല. ബാക്കി തുക നഗരസഭ നൽകും. യോഗത്തിൽ നഗരസഭാദ്ധ്യക്ഷ പ്രമീള ശശിധരൻ അദ്ധ്യക്ഷയായി.