തിരുവല്ല: പൈപ്പ് പൊട്ടൽ മൂലം തകർന്ന റോഡിൽ ദുരിത യാത്ര. രാജ്യാന്തര നിലവാരത്തിൽ പുനർനിർമ്മിക്കുന്ന കിഴക്കൻ മുത്തൂർ - മനയ്ക്കച്ചിറ റോഡിലാണ് പൈപ്പ് പൊട്ടൽ മൂലം യാത്രാ ദുരിതമേറിയിരിക്കുന്നത്. റോഡിന്റെ തുടക്കഭാഗമായ കിഴക്കൻ മുത്തൂരിലടക്കം ആറിടങ്ങളിലാണ് കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടി റോഡിലാകെ പരന്നൊഴുകുന്നത്. പൈപ്പ് പൊട്ടൽ മൂലം രൂപപ്പെട്ട കുഴികളിൽ കെട്ടിനിൽക്കുന്ന വെള്ളം കാൽ നടയാത്ര പോലും ഏറെ ദുഷ്ക്കരമാക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്ക് മേൽ കുഴികളിൽ കെട്ടി നിൽക്കുന്ന ചെളിവെള്ളം തെറിച്ചു വീഴുന്നതായും പരാതിയുണ്ട്. പൈപ്പ് പൊട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് അധികൃതർക്ക് പരാതി നൽകുമെന്ന് നഗരസഭാ കൗൺസിലർ ബിജു കാഞ്ഞിരത്തുംമൂട്ടിൽ പറഞ്ഞു.