കോന്നി: കാളഞ്ചിറ അനശ്വരപ്പടി സിന്ധുപ്പടി റോഡ് സഞ്ചാരയോഗ്യമായി. 2018 ലെ പ്രളയകാലത്ത് മണ്ണിടിഞ്ഞ് തകർന്ന് പോയ റോഡാണ് പൂർണമായും പുനർ നിർമ്മിച്ചത്. ഇരുകണ്ണിനും കാഴ്ചയില്ലാത്ത കാളഞ്ചിറപുത്തൻ വീട്ടിൽ കുറുമ്പയുടെ മകൾ രമണി ഉൾപെടെ പ്രദേശവാസികൾ ഉപയോഗിച്ചു പോന്നിരുന്ന വഴിയായിരുന്നു തകർന്നു പോയിരുന്നത്. നിർമ്മാണം ആരംഭിച്ചപ്പോൾ റോഡ് മുകളിലേക്ക് പുനർ നിർമ്മിക്കണമെന്ന ആവശ്യം പരിഗണിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിലിന്റെ ഇടപെടീലിനെ തുടർന്നാണ് 2019- 20 , 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13270340 രൂപ വകയിരുത്തി റോഡ് സഞ്ചാരയോഗ്യമാക്കിയത്. ഇരുകണ്ണിനും കാഴ്ച ഇല്ലാത്ത രമണി നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷതവഹിച്ചു, ശ്യാം.എസ്. കോന്നി, ഇ.ടി.മുകേഷ് ദാസ്, വിനോദ് കുമാർ.വി, അനിൽകുമാർ അനശ്വര, ജോബിൻ ഈനോസ്, വത്സലാ ആനന്ദൻ എന്നിവർ സംസാരിച്ചു.