കോഴഞ്ചേരി : കൊവിഡ്19 സമൂഹ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധത്തിന്റെ ഭാഗമായി ആറന്മുള പഞ്ചായത്തിൽ ഫേസ് ഷീൽഡ് വിതരണം ചെയ്തു. ആറന്മുള പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികൾക്കാണ് ഫേസ് ഷീൽഡ് വിതരണം ചെയ്തത്. തോട്ടപ്പുഴശേരി ശ്രീഅയ്യപ്പ ഫാം പ്രൊഡക്ടിൽ നിർമ്മിച്ച ഫേസ് ഷീൽഡാണ് തൊഴിലാളികൾക്കായി ലഭ്യമാക്കിയത്. പുത്തൻകാവ് കെവിൻ എന്റർപ്രൈസ്, ഉടമ മോൻസി ഫിലിപ്പാണ് ആറന്മുള പഞ്ചായത്തിലെ 17 വാർഡിൽ തൊഴിലുറപ്പ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഫേസ് ഷീൽഡ് നൽകിയത്. സ്ഥാനത്ത് തന്നെ ആദ്യമായാണ് ആരോഗ്യമേഖലയ്ക്ക് പുറത്ത് തൊഴിലുറപ്പ് പദ്ധതിപോലെ സാധാരണക്കാരായ ആളുകൾ പ്രവർത്തിക്കുന്ന മേഖലയിൽ ഫേസ് ഷീൽഡ് ലഭ്യമാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമൻ ഫേസ് ഷീൽഡ് വിതരണോദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബി സതീഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കൽ, വാർഡ് മെമ്പർ സോമവല്ലി, കോയിപ്പുറം വ്യവസായ ഓഫീസർ ഹരി അയ്യപ്പൻപിള്ള, എഡി.എസ് ചെയർപേഴ്‌സൺ ഗിരിജ, ബാബുരാജ് എന്നിവർ പങ്കെടുത്തു.തദ്ദേശിയമായി നിർമ്മിക്കുന്ന ഫേസ് ഷീൽഡുകൾ വ്യവസായ ഓഫീസിന് കീഴിലുള്ള വിവിധ ചെറുകിട വ്യവസായ യൂണിറ്റുകൾ നിർമ്മിച്ചു നൽകുന്നതിനാൽ വില ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായി വ്യവസായ ഓഫീസർ ഹരി അയ്യപ്പൻ പിള്ള പറഞ്ഞു.