31-cgnr-laies-resthouse
ചെങ്ങന്നൂർ സ്വകാര്യ ബസ് സ്റ്റാന്റിലെ നഗരസഭാ വനിതാ വിശ്രമകേന്ദ്രം.

ചെങ്ങന്നൂർ: സ്വകാര്യ ബസ് സ്റ്റാന്റിലെ നഗരസഭ വനിതാ വിശ്രമ കേന്ദ്രത്തിന് ആറര വർഷത്തിനുശേഷം ശാപമോക്ഷമാകുന്നു. വനിതാ വിശ്രമ കേന്ദ്രം ഇനി മുതൽ ഷീ ഹോസ്റ്റൽ കം ഷീ ലോഡ്ജ് ആകും. കുടുംബശ്രീ വനിതാ സംരംഭക മാതൃകയിൽ ആരംഭിക്കുന്ന ഷീ ഹോസ്റ്റൽ കം ഷീ ലോഡ്ജ് ആരംഭിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ തീരുമാനിച്ചതായി ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. സംസ്ഥാനത്ത് കേന്ദ്രീകൃത സംവിധാനത്തോടെ ഷീ ലോഡ്ജുകൾ ഓൺലൈനിൽ ബുക്കു ചെയ്ത് താമസ സൗകര്യം ഏർപ്പെടുത്താൻ കഴിയും. ഇതോടൊപ്പം ജീവനക്കാർക്കായുള്ള ഹോസ്റ്റൽ സൗകര്യവും ഉണ്ടാകും. കുടുംബശ്രീ സംവിധാനത്തിലൂടെ സംസ്ഥാനത്ത് ഷീ ലോഡ്ജുകൾക്ക് ഏകീകൃത സംവിധാനമാണുള്ളത്.

പരാതികൾക്കും പരിഹാരം

അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യുന്ന വനിതകൾക്ക് ഒന്നോ രണ്ടോ ദിവസം താമസിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഇതോടൊപ്പം വിദൂര സ്ഥലങ്ങളിൽ നിന്നും വന്ന് ജോലി ചെയ്യുന്ന വനിതകൾക്ക് സ്ഥിരമായ താമസ സൗകര്യവും ലഭ്യമാണ്. സർക്കാർ മാനദണ്ഡപ്രകാരമുള്ള ദിവസമാസ വാടകയാണ് ഈടാക്കുന്നത്. ഓഫീസ് സ്റ്റാഫ്, പാചകക്കാരി എന്നീ വനിതാ ജീവനക്കാർ കുടുംബശ്രീ പ്രവർത്തകരായിരിക്കും. ഇതോടൊപ്പം വാച്ച്മാനേയും നിയമിക്കും. ഇതിനായി നഗരസഭാ പരിധിയിൽ ഉള്ളവരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതാണ്.

വനിതാ വിശ്രമകേന്ദ്രം വർഷങ്ങളായി അടഞ്ഞുകിടന്നിരുന്നതു സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ജീവനക്കാരെ നിയമിച്ച് ഷീ ഹോസ്റ്റൽ കം ലോഡ്ജിന്റെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും

കെ.ഷിബുരാജൻ

(ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ)