31-pananilkum-mukal
പനനിൽക്കുംമുകൾ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചപ്പോൾ

വകയാർ: പ്രമാടം പഞ്ചായത്ത് 12-ാം വാർഡിലെ വകയാർ പനനിൽക്കുംമുകൾ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 63 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. വകയാർ കരിങ്കുടുക്ക റോഡിന് സമീപത്തായുള്ള വയലിലാണ് പഞ്ചായത്ത് അംഗം എം.വി. ഫിലിപ്പ് മേക്കാട്ട് സൗജന്യമായി നൽകിയ സ്ഥലത്ത് പമ്പ് ഹൗസും കിണറും നിർമ്മിച്ചിട്ടുള്ളത്. വകയാർ വലിയ തോടിന് സമീപത്ത് നിർമ്മാണം നടത്തിയതുകൊണ്ട് വേനൽക്കാലത്തും ആവശ്യമായ ജലം ലഭിക്കും. കല്ലട ഇറിഗേഷൻ പ്രൊജക്റ്റ് കനാൽ തുറക്കുമ്പോഴും വേനൽക്കാലത്ത് ആവശ്യത്തിന് ജലം ലഭിക്കും.രാധാമണിരാജേന്ദ്രൻ താന്നിവിളയിൽ സൗജന്യമായി പനനിൽക്കുംമുകളിൽ നൽകിയ സ്ഥലത്താണ് വാട്ടർ ടാങ്ക് നിർമ്മിച്ചിരിക്കുന്നത് .

55 കുടുംബങ്ങൾക്ക് കുടിവെള്ളം

55 കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ കുടിവെള്ളം എത്തുന്നത്.ജില്ലാ പഞ്ചായത്ത് അംഗം ബിനിലാൽ മുൻകൈയെടുത്താണ് ഈ പദ്ധതി നിരവധി സാങ്കേതികമായും മറ്റു തടസങ്ങളെയും അതിജീവിച്ച് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളത്.പൂർണമായും ഗുണഭോക്താക്കളുടെ നേതൃത്വത്തിലുള്ള സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് തുടർ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്. വാട്ടർ അതോറിറ്റിയാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ലാപഞ്ചായത്ത് അംഗം ബിനിലാൽ ഓൺലൈനിലൂടെ ഈ പദ്ധതി നാടിന് സമർപ്പിച്ചു. ഇതിനോട് അനുബന്ധമായ പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വിനോദ് അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ അശ്വതി സുഭാഷ്, എം.വി. ഫിലിപ്പ്, മുൻ പഞ്ചായത്ത് അംഗം ടി.എം.സലിം, അസിസ്റ്റന്റ് എൻജിനീയർ കെ.പ്രസാദ് ,കോൺട്രാക്ടർ അനിൽകുമാർ, പ്രിയ എന്നിവർ സംസാരിച്ചു. സൗജന്യമായി സ്ഥലം നൽകിയവരെ യോഗത്തിൽ ആദരിച്ചു.

63 ലക്ഷത്തിന്റെ പദ്ധതി

പ്രമാടം പഞ്ചായത്ത് 12-ാം വാർഡിൽ

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി