പത്തനംതിട്ട: കോന്നി വകയാറിലെ പോപ്പുലർ ഫൈനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഇതുവരെ ലഭിച്ച പരാതികൾ നോക്കിയാൽ 15 കോടിയോളം വരും. മൊത്തം 2000 കോടിയുടെ നിക്ഷേപം ഇവിടെയുണ്ടെന്നാണ് കണ്ടെത്തൽ. അങ്ങനെയെങ്കിൽ ബാക്കിയുള്ള നിക്ഷേപം ആരുടേതെല്ലാമെന്ന അന്വേഷണത്തിലാണ് പൊലീസ്. നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് വാർത്തകൾ പുറത്തു വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പണം നഷ്ടപ്പെട്ടവരിൽ ഒരുവിഭാഗം ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. നിയമപരമായ മാർഗങ്ങളിലൂടെ പണം സമ്പാദിച്ച് പോപ്പുലർ ഫൈനാൻസിലെ 12 ശതമാനം പലിശയെന്ന മോഹവലയത്തിൽ പെട്ടുപോയവരാണ് പരസ്യമായി പരാതികളുമായി രംഗത്തു വന്നിരിക്കുന്നത്. സ്ഥലം വിറ്റും ചിട്ടിപിടിച്ചും 50 ലക്ഷം വരെ നിക്ഷേപിച്ച് ചതിക്കുഴിയിൽ വീണവരുൾപ്പെടെ മുന്നൂറോളം വരും. ഇവർ സ്ഥാപനത്തിൽ മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ, കോടികൾ നിക്ഷേപിച്ച വമ്പൻമാർ പിന്നാമ്പുറങ്ങളിലാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കള്ളപ്പണക്കാർക്കും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
പണം തട്ടിപ്പ് കേസിൽ പോപ്പുലർ ഫൈനാൻസ് മാനേജിംഗ് പാർട്ണർ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിനു, റേബ എന്നിവരാണ് അറസ്റ്റിലായത്. മറ്റാെരു മകളും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുമായ റിയ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. മൂന്ന് മാസം മുൻപ് ഇവർ കമ്പനിയുടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞിരുന്നു. പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
അടൂർ ഡിവൈ.എസ്.പി ആർ.ബിനു, കോന്നി, കൂടൽ, അടൂർ, ഏനാത്ത് സ്റ്റേഷൻ ഹൗസ് ഒാഫീസർമാരായ പി.എസ്.രാജേഷ്, ടി.ബിജു, യു.ബിജു, എസ്.ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
സർട്ടിഫിക്കറ്റിലെ ചതി
പോപ്പുലർ ഫൈനാൻസ് ഉടമകൾ നിക്ഷേപകർക്ക് വാഗ്ദാനം നൽകിയത് ബാങ്കുകളാേ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ നൽകുന്നതിനേക്കാൾ കൂടുതൽ പലിശ. 12ശതമാനം പലിശ എന്ന സ്വപ്നലോകത്തേക്കാണ് നിക്ഷേപകരെ കൂട്ടിക്കൊണ്ടുപോയത്. പണം മുടക്കിയവർക്ക് നൽകിയത് സ്ഥിര നിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റായിരുന്നില്ല. പകരം പോപ്പുലർ ഫൈനാൻസിന്റെ പേരിലുള്ള കടലാസ് സ്ഥാപനങ്ങളിലെ ഒാഹരികൾ. ലിമിറ്റഡ് കമ്പനി എന്ന പേരിൽ തുടങ്ങി ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാതെ ഒാഹരി എന്ന പേരിൽ സർട്ടിഫിക്കറ്റ് നിക്ഷേപകർക്ക് വിതരണം ചെയ്തു. സർട്ടിഫിക്കറ്റിൽ പറയുന്നത് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പിലേക്ക് നിശ്ചിത തുക നിക്ഷേപമായി നൽകിയിരിക്കുന്നുവെന്നാണ്. ചതിക്കുഴികൾ മനസിലാക്കാതെ, ഒന്നു വച്ചാൽ രണ്ട് എന്ന രീതിയിൽ പണം ഇരട്ടിക്കുമെന്ന് നിക്ഷേപകർ കണ്ണുമടച്ച് വിശ്വസിച്ചു.
മോഹന വാഗ്ദാനം, തലപ്പത്തെ പ്രശ്നവും
പോപ്പുലർ ഫൈനാൻസിലെ ഇപ്പോഴത്തെ പ്രതിസന്ധി താത്കാലികം മാത്രമാണെന്ന് പറഞ്ഞ് നിയമത്തിന്റെ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ ഉടമകൾ നടത്തിയ നീക്കം പൊളിഞ്ഞു. ആറ് മുതൽ ഒൻപത് മാസം വരെ സമയം തന്നാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേൽ വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. കൊവിഡിനെ തുടർന്നാണ് സ്ഥാപനത്തിൽ പ്രതിസന്ധിയുണ്ടായതത്രെ. സ്വർണം നിക്ഷേപകരുടെ ആവശ്യത്തിനും ശമ്പളത്തിനും സ്ഥാപനത്തിന്റെ ദൈനംദിന ചെലവുകൾക്കുമാണ് ഉപയോഗിച്ചതെന്ന് തോമസ് ഡാനിയേൽ പറഞ്ഞിരുന്നു. എന്നാൽ, മറ്റൊരു സ്ഥാപനവും സ്ഥിര നിക്ഷേപകർക്ക് നൽകാത്ത 12 ശതമാനം പലിശ വാഗ്ദാനം ചെയ്തതാണ് കമ്പനിയെ കൂപ്പുകുത്തിച്ചതെന്ന് അന്വേഷണ സംഘത്തോട് ഇയാൾ പറഞ്ഞതായാണ് വിവരം. ഇതോടൊപ്പം തോമസിന്റെ ഭാര്യ പ്രഭ കമ്പനിയുടെ തീരുമാനങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും ഇടപെട്ടതും തലപ്പത്ത് പ്രശ്നങ്ങൾക്ക് വഴിവച്ചുവത്രെ. സാമ്പത്തിക കാര്യങ്ങളിൽ വിദഗ്ദ്ധനായ ഒരു മാനേജർ അടക്കം എട്ട് ഉദ്യോഗസ്ഥർ സ്ഥാനങ്ങൾ രാജിവയ്ക്കുകയും ചെയ്തു. കമ്പനിയിലെ പ്രതിസന്ധി മണത്തറിഞ്ഞ നിക്ഷേപകരിൽ ചിലർ പെട്ടെന്ന് പണം പിൻവലിക്കാൻ ശ്രമിച്ചതും വിനയായി. നിക്ഷേപ കാലാവധി കഴിഞ്ഞ പണം മുതലും പലിശയും അടക്കം തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. പിന്നാലെ പരാതികൾ ഒരോന്നായെത്തി. ഇരുന്നൂറിലേറെ പരാതികൾ കോന്നി, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചു. പിന്നാലെ ഉടമകൾ മുങ്ങി. ലുക്കൗട്ട് നോട്ടീസുകൾ പുറപ്പെടുപ്പിച്ചു. വിദേശത്തേക്കു കടക്കാൻ ശ്രമിച്ച പെൺമക്കൾ അറസ്റ്റിലായപ്പോൾ മാനേജരും ഭാര്യയും കീഴടങ്ങുകയായിരുന്നു.