lathakumari
സി.കെ. ലതാകുമാരിയും ഭർത്താവ് സജിയും കൃഷിയിടത്തിൽ

മല്ലപ്പള്ളി: തരിശുനില കൃഷിയിൽ മികവ് തെളിയിച്ച ജനപ്രതിനിധിക്ക് എസ്.എൻ.ഡി.പി. യോഗത്തിന്റെ ആദരം. എസ്.എൻ.ഡി.പി. യോഗം 50-ാം കുന്നന്താനം ശാഖാ അംഗവും അങ്കണവാടി ടീച്ചറും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുന്നന്താനം മുണ്ടിയപ്പള്ളി സജിവിലാസത്തിൽ സി.കെ. ലതാകുമാരിക്കാണ് ശാഖായോഗത്തിന്റെ പ്രത്യേക ആദരം ലഭിച്ചത്. ജനപ്രതിനിധി, സാമൂഹ്യനീതി വകുപ്പിന്റെ ഉദ്യോഗസ്ഥ എന്നീ പ്രവർത്തനങ്ങൾക്ക് ഉപരിയായി കാർഷിക മേഖലയിലെ വെല്ലുവിളികളെ അതിജീവിച്ചാണ് ലതാകുമാരി വൻവിളവെടുപ്പ് നടത്തിയത്. 28 വർഷമായി തരിശുകിടന്ന 47 ഏക്കർ വെണ്ണീർവിള പാഠശേഖരം പാട്ടത്തിനെടുത്ത് പച്ചക്കറിയും ഓണമുണ്ണാൻ നെല്ലും വിളയിച്ചു. ഇടവിള കൃഷിയായി കപ്പ, ശീമചേപ്പ്, മധുരക്കിഴങ്ങ്, കണ്ണൻചേമ്പ്, ചേന എന്നിവയും വഴുതന, ചീര, വെള്ളരി, വെണ്ട, പയർ എന്നീ പച്ചക്കറികളും വൻതോതിൽ കൃഷിചെയ്തു. ഈ ഓണക്കാലത്ത് 1800 ഏത്തക്കുലകളാണ് ഇവരുടെ തോട്ടത്തിൽ നിന്നും വിറ്റഴിച്ചത്. കർഷകർ മണ്ണിൽ നിന്നും പിന്തിരിഞ്ഞ കാലത്ത് പരീക്ഷണം നടത്തിയ ലതാകുമാരിക്ക് കൃഷിഭവൻ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മുതിർന്ന കർഷകർ എന്നിവരുടെ വൻപിന്തുണയാണ് നൽകിയത്.ഗവൺമെന്റ് ആനുകൂല്യം 3.25 ലക്ഷം രൂപയും ലഭിച്ചു. സ്‌പ്ലെകോ നെല്ല് ഏറ്റുവാങ്ങി വിലയായി 15 ലക്ഷം രൂപാ നൽകി. പാടശേഖരത്തിന്റെ ഉടമകളായ മുപ്പതോളം ആളുകൾക്ക് ഓരോ ചാക്ക് നെല്ല് സമ്മാനമായി നൽകി. ഭർത്താവ് വി.ആർ സജിയും മക്കളായ സജിത,അഞ്ജന, മരുമകൻ സുജിത് എന്നിവർ ലതാകുമാരിയുടെ കാർഷിക താൽപര്യങ്ങൾക്ക് പിന്തുണ നൽകുന്നു. തൊഴിലാളികളുടെ ലഭ്യതക്കുറവും, കാലാവസ്ഥാകെടുതിയും അതിജീവിച്ച് നടത്തിയ കൃഷി വരും വർഷങ്ങളിലും തുടരുമെന്ന് ലത പറഞ്ഞു.