പത്തനംതിട്ട: ആനപ്പാറ, തോലിയാനിക്കര, കണ്ണങ്കര പ്രദേശങ്ങളിൽ കഞ്ചാവ് അടക്കമുള്ള ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള ജനവേദി സംസ്ഥാന പ്രസിഡന്റും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറ പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽ തിരുവോണ നാളിൽ സത്യഗ്രഹം നടത്തി. പുതിയ പ്രൈവറ്റ് ബസ്റ്റാന്റിനു പിന്നിൽ പുതിയതായി നിർമ്മിച്ച റോഡ് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പന നടക്കുന്നതെന്ന് റഷീദ് ആനപ്പറ പറഞ്ഞു. ചില വീടുകളിലും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകളിലും അനധികൃതമായി മദ്യവും ലഹരി വസ്തുക്കളും വിൽക്കുന്നുണ്ട്.
കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എക്‌സൈസ് കമ്മീഷണർ ഉറപ്പു നൽകിയതിനെ തുടർന്ന് റഷീദ് സത്യഗ്രഹം അവസാനിപ്പിച്ചു. റഷീദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് ക്രിമിനൽ കേസ് പ്രതിയായ ഷാജഹാനും മറ്റു രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു.